എടപ്പാൾ: കോവിഡുമൂലം സ്‌കൂളുകൾ തുറക്കാത്തതിനാൽ പ്രായപരിധി പിന്നിട്ട അധ്യാപകർക്ക് നിയമനാംഗീകാരത്തിനായി ഇളവ് നൽകും. 2020-21 വർഷം ജോലിക്കുകയറേണ്ടിയിരുന്നവരിൽ ഉയർന്ന പ്രായപരിധിയായ 40 കഴിഞ്ഞവർക്ക് ഇളവുനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശപ്രകാരം സർക്കാർ തീരുമാനിച്ചു.

എയ്ഡഡ് വിദ്യാലയങ്ങളിൽ 2020-21 അധ്യയനവർഷം നിയമിതരാകേണ്ടിയിരുന്ന അധ്യാപകർക്ക് സ്‌കൂൾ തുറക്കാത്തതിനാൽ നിയമനം കിട്ടിയില്ല. ഇവരിൽ 2021 ജനുവരി ഒന്നിന് 40 വയസ്സ് കഴിഞ്ഞവർക്ക് നിയമപ്രകാരം നിയമനമോ അംഗീകാരമോ ലഭിക്കില്ല. ഇത് ഏറെപ്പേരെ ബാധിച്ചു. പരാതികളുമേറി.

2021-22 അധ്യയനവർഷം നടത്തുന്ന നിയമനങ്ങളിൽ 2020 ജനുവരി ഒന്നിന് 40 വയസ്സു കഴിയാത്തവരും 2021 ജനുവരി ഒന്നിനു ഉയർന്ന പ്രായപരിധി കഴിയുന്നവരുമായ അധ്യാപകർക്ക് മറ്റെല്ലാ യോഗ്യതകളുമുള്ളപക്ഷം വയസ്സിളവ് നൽകി നിയമനാംഗീകാരം നൽകാനാണ് തീരുമാനം. ഈ ഇളവ് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്കും കിട്ടും.