പൊന്നാനി: കൗമാരക്കാരിലേയും കുട്ടികളിലേയും ലഹരി ഉപയോഗത്തെക്കുറിച്ചു സമഗ്രമായ പഠനം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ലഹരി ഉപയോഗവും കുറ്റകൃത്യവും വർധിക്കുന്നതായുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്താൻ തീരുമാനിച്ചത്. ആദ്യമായാണ് കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സമഗ്രമായ പഠനം കേരളത്തിൽ നടക്കുന്നത്.

ലഹരി ഉപയോഗം കുറയ്ക്കുന്നതിനു ദേശീയ കർമപദ്ധതിയനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹികനീതി വകുപ്പാണ് പഠനത്തിനും ചുക്കാൻപിടിക്കുക. സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, എൻ.ജി.ഒ.കൾ തുടങ്ങിയവയുടെ സഹായം തേടും. അടുത്ത മാർച്ചിൽ റിപ്പോർട്ട് സർക്കാരിനു നൽകും.

വിവരശേഖരണത്തിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തോടെയും കാര്യക്ഷമമായും നടപ്പിലാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. പഠനം നടത്തി വിവരങ്ങൾ ശേഖരിക്കാൻ മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സാമൂഹികനീതി വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.

പഠനത്തിലേക്ക് വഴിതുറന്നത്

കുട്ടികൾക്കിടയിൽ മദ്യം, മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിന് സഹപാഠികളുടെ സ്വാധീനം ഏറെയാണ്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ജിജ്ഞാസ കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുന്നു. ശാരീരികവും മാനസികവുമായ സാമൂഹികവുമായ വളർച്ചയ്ക്ക് ലഹരി ഉപയോഗം തടസ്സമാകുന്നു. മദ്യവും പുകയിലയുമായിരുന്നു മുൻപ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ മയക്കുമരുന്നിലേക്കും തിരിയുന്നു. ഇതൊക്കെയാണ് കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സമഗ്രപഠനം നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.