എടപ്പാൾ: റവന്യൂസർട്ടിഫിക്കറ്റുകൾ നൽകാനുള്ള ഇ -ഡിസ്ട്രിക്റ്റ് പോർട്ടൽ നാലുദിവസത്തെ അറ്റകുറ്റപ്പണി കഴിഞ്ഞ് പ്രവർത്തനസജ്ജമായപ്പോൾ ഓഫീസർമാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന സുപ്രധാനമായ സംവിധാനം ഇല്ലാതായി. സർട്ടിഫിക്കറ്റ് അപേക്ഷകൾക്കൊപ്പമുള്ള രേഖകളുടെ ആധികാരികതയും മുൻപ് നൽകിയ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും നടത്താനുള്ള ഡേറ്റാബേസ് വെരിഫിക്കേഷൻ സംവിധാനമാണ് അപ്രത്യക്ഷമായത്.

ഒക്ടോബർ 24 മുതൽ 27 വരെയായിരുന്നു ഇ -ഡിസ്ട്രിക്റ്റ് അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചത്. ചൊവ്വാഴ്ച പണിപൂർത്തിയായി തിരിച്ചുവന്നപ്പോഴാണ് ഈ മറിമായം റവന്യൂ ജീവനക്കാരെ ഞെട്ടിച്ചത്. ഇ -ഡിസ്ട്രിക്റ്റ് വഴി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ അതോടൊപ്പം അപ്‌ലോഡ് ചെയ്ത രേഖകളുടെ നിജസ്ഥിതി അറിയാനുള്ളതാണ് ഡി.ബി. വെരിഫിക്കേഷൻ.

സിവിൽസപ്ലൈസ് കോർപ്പറേഷൻ, വിദ്യാഭ്യാസവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷൻ, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സെർവറുകളുമായി ഇതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. റേഷൻകാർഡിലോ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലോ എന്തെങ്കിലും അപാകമോ സംശയമോ തോന്നിയാൽ വില്ലേജ് ഓഫീസർക്ക് അതിന്റെ നിജസ്ഥിതിയറിയാൻ ഇതുമൂലമാകുമായിരുന്നു.

നേരത്തെ അപേക്ഷകന് നൽകിയ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങളും പരിശോധിക്കാനാകുമായിരുന്നു. ആ സംവിധാനമാണ് നാലുദിവസത്തെ അറ്റകുറ്റപ്പണി കഴിഞ്ഞതോടെ അപ്രത്യക്ഷമായത്.

ജാർഖണ്ഡിൽനിന്ന് വർഷങ്ങൾക്കുമുൻപ് റവന്യൂ വകുപ്പ് വാങ്ങിയതാണ് ഇ -ഡിസ്ട്രിക്റ്റ് സോഫ്റ്റ് വേർ. വാങ്ങിയ കാലത്തുതന്നെ അതിന്‌ ഏറെ പോരായ്മകളുണ്ടായിരുന്നതായി റവന്യൂ ജീവനക്കാർ പരാതിപ്പെട്ടിരുന്നു. അന്നുമുതൽ തന്നെ ഇതിനാവശ്യമായ നിർദേശങ്ങളും പോരായ്മകളും പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

എന്നാൽ മൂന്നുടാബ് ഉണ്ടായിരുന്ന അപേക്ഷാവിഭജിതം ഒറ്റ ടാബ് ആക്കി മാറ്റി എന്നതുമാത്രമാണ് കാര്യമായി നടത്തിയ ഭേദഗതിയെന്ന് ജീവനക്കാർ പറയുന്നു. സോഫ്റ്റ്‌വേർ ഗുണനിലവാരമില്ലാത്തതിനാൽ ഇടയ്ക്കിടയ്ക്ക് ഹാങ് ആകുന്നത് പതിവാണ്. ഇത് പരിഹരിക്കാനാണ് ഉള്ള സേവനങ്ങൾ എടുത്തുകളഞ്ഞുള്ള അറ്റകുറ്റപ്പണിയെന്നാണ് ആരോപണം.