തിരുവനന്തപുരം: പോലീസിന്റെ സിറ്റിസൺ സർവീസ് പോർട്ടൽ ‘തുണ’ നവീകരിച്ചു. തുണയുടെയും സിറ്റിസൺ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ജനങ്ങൾക്ക് സുഗമമായി ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ പോർട്ടലിൽ മാറ്റംവരുത്തുകയാണു ചെയ്തത്. പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ, എഫ്.ഐ.ആർ. പകർപ്പ് ലഭ്യമാക്കൽ, അപകടക്കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി തുടങ്ങിയ സേവനങ്ങൾക്കായി പുതിയ പോർട്ടൽവഴി അപേക്ഷിക്കാം.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി തുടങ്ങിയവയ്ക്ക് ഓൺലൈനിൽ പണം അടയ്ക്കാനുള്ള സംവിധാനവും പുതിയ പോർട്ടലിൽ ലഭിക്കും. അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാം.

നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ വെബ്‌സൈറ്റ് മുഖേന രാജ്യത്താകെയുള്ള വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് എതിർപ്പില്ലാസർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്. കേരള പോലീസിന്റെ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് മുഖേന മൊബൈൽഫോണുകളിലും ഈ സേവനം ലഭിക്കും. ജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകാതെതന്നെ ആവശ്യമായ രേഖകൾ കൈപ്പറ്റാം.

ഓരോ സേവനത്തിനുമുള്ള അപേക്ഷകളുടെ തത്‌സ്ഥിതി എസ്.എം.എസ്. അല്ലെങ്കിൽ പോർട്ടൽവഴി അപേക്ഷകന് ലഭിക്കും. രജിസ്റ്റർ ചെയ്ത പരാതികൾക്ക് രസീതും ലഭിക്കും.