നീലേശ്വരം: പള്ളിക്കരയിൽ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ മുറിഞ്ഞുവീണു. മൂന്നുമണിക്കൂർ നേരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച രാവിലെ 6.40-ന് മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസിന് കടന്നുപോകാൻ ഗേറ്റ് അടയ്ക്കുമ്പോഴാണ് മുറിഞ്ഞുവീണത്. ഗേറ്റ് കീപ്പർ ബാക്കിഭാഗത്ത് ചങ്ങലയിട്ട് താഴ്ത്തി ഗേറ്റ് അടച്ചതിനാൽ തീവണ്ടി നിർത്തിയിടാതെ കടന്നുപോയി. ബസ് തട്ടി ഗേറ്റിന്റെ ഒരുഭാഗം നേരത്തേ തകർന്നിരുന്നു. വെൽഡ് ചെയ്ത് ഉറപ്പിച്ച ഈ ഭാഗമാണ് മുറിഞ്ഞുവീണത്.

ഗേറ്റ് ഉയർത്താൻ കഴിയാത്തതിനാൽ ഇരുഭാഗങ്ങളിലും വാഹനങ്ങൾ നിർത്തിയിട്ടു. വിവരമറിഞ്ഞ് നാട്ടുകാരും ചന്തേര, നീലേശ്വരം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി ഗതാഗതതടസ്സം ഒഴിവാക്കാനുള്ള ശ്രമം നടത്തി. ചെറുവാഹനങ്ങൾ പോക്കറ്റ് റോഡുകളിലൂടെ കടത്തിവിട്ടു. ചന്തേര പോലീസ് ചെറുവത്തൂർ സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കയ്യൂർ അരയാക്കടവ് വഴിയും അച്ചാംതുരുത്തി-കോട്ടപ്പുറം വഴിയും തിരിച്ചുവിട്ടു. നീലേശ്വരം പോലീസ് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിന് സമീപം വാഹനങ്ങൾ തടഞ്ഞ് കോട്ടപ്പുറം-അച്ചാംതുരുത്തി വഴി തിരിച്ചുവിട്ടു.

തിരക്കുകാരണം ഈ റോഡുകളിലും വാഹനങ്ങൾ കുടുങ്ങിക്കിടന്നു. റെയിൽവേ പയ്യന്നൂർ സെക്‌ഷൻ ഓഫീസിൽനിന്ന്‌ ജീവനക്കാരെത്തിയാണ് ഗേറ്റ് ശരിയാക്കിയത്. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ 10 മണിയോടെയാണ് ദേശീയപാതയിൽ പള്ളിക്കര വഴി ഗതാഗതം പുനഃസ്ഥാപിച്ചത്.