മഞ്ചേരി: കർണാടകയിൽ ക്രഷർ ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ. പ്രവാസി എൻജിനീയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 31-ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ക്രൈം ബ്രാഞ്ച് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.

അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്ത സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് മലപ്പുറം ഡി.വൈ.എസ്.പി., പി. വിക്രമൻ ഹാജരായി കാര്യങ്ങൾ വ്യക്തമാക്കിയത്.

ക്രഷർ സ്ഥിതിചെയ്യുന്ന മംഗലാപുരം ബൽത്തങ്ങാടിയിൽ പോയി ഇതിനകം അന്വേഷണം പൂർത്തിയാക്കുമെന്നും ഡി.വൈ.എസ്.പി. വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും എം.എൽ.എയെ അറസ്റ്റുചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി നടുത്തൊടി സലീമാണ് കോടതിയെ സമീപിച്ചത്.

എം.എൽ.എ. പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി സെപ്തംബർ 30-ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കോവിഡ് കാരണം മംഗലാപുരത്തുപോയി കൂടുതൽ അന്വേഷണം നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും നിയന്ത്രണങ്ങൾ മാറിയാൽ അന്വേഷണം പൂർത്തിയാക്കി അന്തിമ അന്ത റിപ്പോർട്ട് സമർപ്പിക്കാമെന്നും ചൂണ്ടിക്കാട്ടി. പിന്നീട് അന്വേഷണം നിലച്ചതോടെയാണ് കോടതി ഇടപെടൽ ഉണ്ടായത്.