കൊച്ചി: എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ മൂന്ന് ഓഫീസുകൾ സർക്കാർ കെട്ടിടത്തിൽനിന്ന് വാടക കെട്ടിടത്തിലേക്ക്. വർഷം അരക്കോടി രൂപ വാടക ചെലവാക്കി പുതിയ കെട്ടിടത്തിലേക്ക് മാറാനാണ് പദ്ധതി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജി. ഓഫീസ്, സെൻട്രൽ യൂണിറ്റ് എസ്.പി. ഓഫീസ്, എറണാകുളം യൂണിറ്റ് എസ്.പി. ഓഫീസ് എന്നിവ മാറ്റാനാണ് നീക്കം. ഇതിനായി ആഭ്യന്തര, വിജിലൻസ് ഡിപ്പാർട്ട്‌മെന്റുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പോലീസ് മേധാവി ശുപാർശ കത്ത് നൽകി.

നിലവിൽ ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജി. ഓഫീസ്, സെൻട്രൽ യൂണിറ്റ് എസ്.പി. ഓഫീസ് എന്നിവ തൃപ്പൂണിത്തുറയിൽ കൊച്ചി സിറ്റി പോലീസ് ഓഫീസിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്. എറണാകുളം യൂണിറ്റ് എസ്.പി. ഓഫീസ് കളമശ്ശേരിയിലെ പോലീസ് ബിൽഡിങ്ങിലുമാണ് പ്രവർത്തിക്കുന്നത്.

ഈ ഓഫീസുകൾക്ക്‌ വേണ്ട സൗകര്യങ്ങൾ ഇല്ലായെന്നും ക്രൈംബ്രാഞ്ചിന് സ്വന്തമായി കെട്ടിടമില്ലെന്നും കാണിച്ചാണ് ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. മൂന്ന് ഓഫീസുകളും മൂന്നിടങ്ങളിലായതിനാൽ തന്നെ കേസുകൾ അന്വേഷിക്കുന്നതിൽ ഐ.ജി.ക്ക് മേൽനോട്ടം നൽകുന്നതിൽ പ്രയാസമുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശമാണ് തുടങ്ങിയ കാരണങ്ങളാണ്‌ വാടകക്കെട്ടിടത്തിലേക്ക് മാറാനായി ചൂണ്ടിക്കാണിക്കുന്നത്.

എറണാകുളം റവന്യു ടവറിലെ 7461 സ്ക്വയർ ഫീറ്റ് സ്ഥലമാണ് വാടകക്കെട്ടിടത്തിനായി കണ്ടെത്തി വെച്ചിരിക്കുന്നത്. ഇതിനായി മാസം 4,29,916 രൂപ അനുവദിച്ച് നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. കെട്ടിടത്തിന്റെ വാടക മാത്രമാണിത്. ഫർണിഷിങ്ങിനും മറ്റും വലിയ തുക തന്നെ ചെലവാക്കേണ്ടി വരും.

നിലവിൽ പോലീസിന്റെ തന്നെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ നഗര മധ്യത്തിലെ വാടകക്കെട്ടിടത്തിലേക്ക് കൊണ്ടുവരുന്നത് ചില ഉന്നത ഉദ്യോഗസ്ഥരുടെ താത്‌പര്യപ്രകാരമാണെന്നും ആക്ഷേപമുണ്ട്. നിലവിൽ കേരള സംസ്ഥാന ഹൗസിങ് ബോർഡിന് കീഴിലുള്ള റവന്യു ടവറിലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറേറ്റ് പ്രവർത്തിച്ചു വരുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടം നിർമിക്കാൻ പദ്ധതിയുമുണ്ടെങ്കിലും ഒരു നിർമാണ പ്രവർത്തനവും ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഇതിനുതന്നെ വൻ തുക വർഷങ്ങളായി വാടക കൊടുത്തുവരികയാണ്. ഇതിനിടെയാണ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രൈംബ്രാഞ്ച് ഓഫീസ് കൂടി ഇവിടേക്ക് കൊണ്ടുവരാനുള്ള നീക്കം.