കൊച്ചി: കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ ജോലി ഭാരം കുറയ്ക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ ക്രൂ ചെയ്ഞ്ച് സമ്പ്രദായം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സി. ബസ് അപകടം നടന്ന സ്ഥലവും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്തു നിന്ന്‌ ബെംഗളൂരുവിലേക്കുള്ള മൂന്ന് സർവീസുകളിലും കോട്ടയം-ബെംഗളൂരു, പത്തനംതിട്ട-ബെംഗളൂരു എന്നീ സർവീസുകളിലും എറണാകുളം-പാലക്കാട്-സുൽത്താൻ ബത്തേരി സർവീസുകളിലുമാണ്‌ ക്രൂ ചെയ്ഞ്ച് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. തുടർന്ന് ഘട്ടം ഘട്ടമായി എല്ലാ ദീർഘദൂര സർവീസുകളിലും ഇത് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പാലക്കാട്ടു നിന്നും ബെംഗളൂരുവിലേക്കും മംഗലാപുരത്തേക്കും സർവീസ് നടത്തുന്ന ബസുകളിൽ മാത്രമാണ് ഡ്രൈവർ കം കണ്ടക്ടർ പാറ്റേൺ നിലവിലുള്ളത്.

കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര സർവീസുകളിൽ സമഗ്രമായ മാറ്റം അനിവാര്യമാണെന്ന് നേരത്തെ തന്നെ കെ.എസ്.ആർ.ടി.സി. കണ്ടെത്തിയിരുന്നു. ക്രൂ ചെയ്ഞ്ച് സംവിധാനം മുമ്പ് നടത്തിക്കൊണ്ടിരുന്നതാണ്. ഇത് പിന്നീട് ഇല്ലാതായി. ഇത് നടപ്പിലാക്കാനിരിക്കെയാണ് അപകടമുണ്ടാകുന്നത്.

പാലാരിവട്ടത്ത് കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽ മരണമടഞ്ഞ ഡ്രൈവർ ഡ്യൂട്ടി ചെയ്തതിന്റെ വിശദാംശങ്ങൾ പരിശോധിക്കും. തുടർച്ചയായി ഡ്യൂട്ടി ചെയ്തോ എന്നതടക്കം അന്വേഷണ പരിധിയിൽ വരും. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യിൽ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ആക്ടിന്റെ പരിധിയിൽനിന്നു കൊണ്ട് ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം നടപ്പിലാക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തിൽ മരണമടഞ്ഞ ഡ്രൈവർക്ക് ഇൻഷുറൻസ് മുൻകൂറായി നൽകാൻ ആവശ്യപ്പെടുമെന്നും സർക്കാർ ധനസഹായം നൽകുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.