കൊച്ചി: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് മീഡിയനിലെ മരത്തിലിടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം മണ്ണക്കല്ല് ബഥനിതോപ്പിൽ എസ്. അരുൺ സുകുമാർ (37) ആണ് മരിച്ചത്. കണ്ടക്ടർ ഉൾപ്പെടെ 27 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

ബസ് കണ്ടക്ടർ നെയ്യാറ്റിൻകര സ്വദേശി സുരേഷ് രാജ് (49), യാത്രക്കാരായ തിരുവനന്തപുരം കരകുളം സ്വദേശി രജിത (36), പോത്തൻകോട് സ്വദേശി പ്രശാന്ത് കുമാർ, മൂക്കന്നൂർ സ്വദേശി ടാലു ടോം (29) എന്നിവർ നിലവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ബാക്കിയുള്ള യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. സുരേഷ് രാജ്, രജിത, ടാലു എന്നിവർ തലയ്ക്ക് പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

ദേശീയപാതയിൽ വൈറ്റില ചക്കരപ്പറമ്പ് ഗീതാഞ്ജലി ബസ് സ്റ്റോപ്പിനു സമീപം തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മീഡിയനിൽനിന്നിരുന്ന മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയും മരം കടപുഴകി വീഴുകയും ചെയ്തു. ഇതോടെ ബസിന്റെ മുൻഭാഗം പൂർണമായി തകർന്ന് യാത്രക്കാരും ജീവനക്കാരും കുടുങ്ങി.

പാലാരിവട്ടം പോലീസും ഗാന്ധിനഗർ സ്റ്റേഷനിലെ അഗ്നിരക്ഷാ സേനാംഗങ്ങളുമെത്തി ബസിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും യാത്രക്കാരെയും പുറത്തിറക്കിയത്. റോഡിലേക്ക് വീണുകിടന്നിരുന്ന മരവും അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചുമാറ്റി.

ഞായറാഴ്ച രാത്രി 11.45-ന് തിരുവനന്തപുരത്തു നിന്ന്‌ 30 യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത്. ഇതിൽ നാലുപേർ വൈറ്റിലയിൽ ഇറങ്ങിയിരുന്നു. ബാക്കിയുണ്ടായിരുന്ന യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെയും മന്ത്രി സന്ദർശിച്ചു. പ്രാഥമികമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബസിന് മെക്കാനിക്കൽ പ്രശ്നങ്ങളൊന്നും ഉള്ളതായി കണ്ടെത്താനായില്ലെന്ന് എറണാകുളം ആർ.ടി.ഒ. ബാബു ജോൺ പറഞ്ഞു.

അപകട ശേഷം മരത്തടിയുടെ മുകളിൽ ബസിന്റെ മുൻവശം കയറി നിൽക്കുന്ന നിലയിലായിരുന്നു. 11 മണിയോടെയാണ് ബസ് ഇവിടെ നിന്ന് നീക്കാനുള്ള ശ്രമം ആരംഭിച്ചത്. ടയറിന്റെ ഭാഗം മരത്തിന്റെ തടിയിൽ കുടുങ്ങിക്കിടന്നതിനാൽ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരത്തടി മുറിച്ചുമാറ്റിയ ശേഷമാണ് ബസ് ഇവിടെ നിന്ന് മാറ്റിയത്.

അരുൺ സുകുമാർ 2016 മുതൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവറാണ്. ഭാര്യ: ലീന, മക്കൾ: ലബിയ, ലിയോൺ.