മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന്‌ യാത്രക്കാരിൽനിന്ന് 64.5 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ദുബായിൽനിന്നെത്തിയ മൂന്ന് കർണാടക സ്വദേശികളിൽനിന്നാണ് 1322 ഗ്രാം സ്വർണം പിടിച്ചത്. മൂന്ന് ഐ ഫോണുകളും പിടിച്ചെടുത്തു.

ഞായറാഴ്ച രാത്രി ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് ഷമ്മാസ് അർമാറിൽനിന്ന് 451 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിലെത്തിയ മുക്താർ അഹമ്മദ് സിറാജുദ്ദീനിൽനിന്ന് 102 ഗ്രാം സ്വർണവും പിടിച്ചു. ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

തിങ്കളാഴ്ച പുലർച്ചെ ദുബായിൽനിന്നുള്ള ഗോ എയർ വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി ഷബാസ് അഹമ്മദിൽനിന്ന് 769 ഗ്രാം സ്വർണം പിടിച്ചു. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മൂന്ന് ഐ ഫോണുകളും ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു. മൂന്നുപേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി.

കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, പി.ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ അശോക് കുമാർ, മനീഷ് കുമാർ ഖട്ടാന, ഗുർമീത് സിങ്, ഹവിൽദാർ സി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.