തൃശ്ശൂർ: കോവിഡ് വ്യാപനത്തോത് രേഖപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സർക്കാർ വകുപ്പുകളും മാധ്യമങ്ങളും നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട് -പ്രാദേശികമായ ഭൂപടങ്ങളുടെ അഭാവം. വാർഡുതലത്തിലോ പഞ്ചായത്തുതലത്തിലോ ഉള്ള വിവരങ്ങൾ ഒറ്റക്കാഴ്‌ചയിൽ മനസ്സിലാക്കാൻ ഭൂപടങ്ങളിൽ േരഖപ്പെടുത്തി അവതരിപ്പിച്ചാൽ ഏറെ സഹായകമാകും. പ്രളയമുണ്ടായപ്പോഴും പ്രാദേശികമായ രേഖപ്പെടുത്തലുകൾ നടത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ ഒരു സന്നദ്ധക്കൂട്ടായ്മ. ഓപ്പൺ സ്ട്രീറ്റ് മാപ്പ് എന്ന പദ്ധതിയിലൂടെ കേരളത്തിലെ 21,900 വാർഡുകളുടെ ഡിജിറ്റൽ (GIS) ഭൂപടം വരച്ചുകൊണ്ടിരിക്കുകയാണ് ഒ.എസ്.എം. കേരള എന്ന ഈ കൂട്ടായ്മയിലെ പ്രവർത്തകർ.

പ്രാദേശിക ഭൂപടങ്ങൾ സർക്കാർ വകുപ്പുകളിലുണ്ടെങ്കിലും അവയൊന്നും പലപ്പോഴും മറ്റു വിഭാഗങ്ങൾക്കോ പൊതുജനങ്ങൾക്കോ ഗവേഷകർക്കോ ലഭ്യമാകാറില്ല. ഇത്തരത്തിലുള്ള പൊതു ഡേറ്റകളുടെ അഭാവം പ്രശ്നപരിഹാരങ്ങൾ വൈകിപ്പിക്കും. ഗൂഗിൾ മാപ്പാകട്ടെ പരിശോധനയ്ക്ക് മാത്രമേ ഉതകൂ.

കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ കേരളത്തിലെ ആയിരത്തിനടുത്ത് പഞ്ചായത്തുകളുൾപ്പെടെ പ്രാദേശിക ഭരണകൂടങ്ങളുടെ അതിർത്തികൾ ഉൾപ്പെടുന്ന ഡിജിറ്റൽ ഭൂപടം ഇവർ പുറത്തിറക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഡേറ്റാ അവതരണത്തിന് ഈ ഭൂപടം പല പത്ര-ദൃശ്യ മാധ്യമങ്ങളും ഉപയോഗപ്പെടുത്തി. പഞ്ചായത്തുകളുടെ വിക്കിപീഡിയ പേജുകളിലും കോവിഡ് ഡേറ്റാ പോർട്ടലുകളിലും ഓപ്പൺ സ്ട്രീറ്റ് മാപ്പ് അധിഷ്ഠിതമായ പഞ്ചായത്തുതല ഭൂപടങ്ങൾ ഉപയോഗിക്കുന്നുണ്ട്. opendatakerala.org എന്ന വെബ്സൈറ്റിൽനിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.

തിരഞ്ഞെടുപ്പ് കമ്മിഷന്റേതുൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ ചിത്രരൂപത്തിലുള്ള ഭൂപടങ്ങളും വിവരങ്ങളും ശേഖരിച്ച് പ്രാദേശിക അറിവും ഉപയോഗപ്പെടുത്തിയാണ് ഭൂപടനിർമാണം. ഇതിന്റെ അതിർത്തികളുടെ കൃത്യത മെച്ചപ്പെടുത്താൻ കൂടുതൽ ജനപങ്കാളിത്തം ആവശ്യമാണെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. ജർമൻ മാപ്പർ ആയ ഹെനിസ്സ്, നവീൻ ഫ്രാൻസിസ്, മനോജ് കരിങ്ങാമഠത്തിൽ, ജയ്സൻ നെടുമ്പാല, അർജുൻ ഗംഗാധരൻ, കെൽവിൻ, ജിനോയ്‌ മഞ്ഞളി, ജ്യോതിഷ്ബാബു, അനിൽകുമാർ തുടങ്ങിയവരുൾപ്പെടുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പ് കേരള കമ്യൂണിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

ജിയോമൈൻഡ്‌സ്‌ എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന്റെയും ഓപ്പൺ ഡേറ്റ കേരള, സ്വതന്ത്രമലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകളുടെയും പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.