തിരുവനന്തപുരം: കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യവകുപ്പ് ജീവനക്കാരിൽ ചൊവ്വാഴ്ച വിരമിക്കേണ്ടവർക്ക് തുടർച്ചാനുമതി നൽകിയേക്കും. എന്നാൽ, മറ്റുവകുപ്പിലെ ജീവനക്കാർ ചുമതല കൈമാറാൻ ഹാജരായില്ലെങ്കിലും വിരമിച്ചതായി കണക്കാക്കാനും സർക്കാർ തീരുമാനിച്ചു.

ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് പെൻഷൻപ്രായം ഉയർത്താതെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ തുടരാൻ അനുവദിക്കാനാണ് തത്ത്വത്തിൽ ധാരണയായത്. ആരോഗ്യവകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ പെൻഷൻപ്രായം 60 ആയി ഉയർത്തിയതിനാൽ ചൊവ്വാഴ്ച വിരമിക്കുന്നവരില്ല. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ പി.എസ്.സി. ലിസ്റ്റിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് നിയമനം നൽകിയെങ്കിലും മറ്റുജീവനക്കാരെ പുതുതായി നിയമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരിചയസമ്പന്നരായ നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് തുടർച്ചാനുമതി നൽകുന്നത്. ഇതുസംബന്ധിച്ച്‌ ആരോഗ്യവകുപ്പിന്റെ നിർദേശം ധനവകുപ്പ് അംഗീകരിച്ചാൽ അടുത്ത മന്ത്രിസഭായോഗം അതിന് അനുമതിനൽകും.

മറ്റുവകുപ്പുകളിൽ മാർച്ച് 31-ന് വിരമിക്കേണ്ട ഒട്ടേറെ ജീവനക്കാരുണ്ട്. വിരമിക്കുന്നതിനുമുമ്പ് അവർ കൈകാര്യംചെയ്യുന്ന ചുമതല മറ്റു ജീവനക്കാർക്ക് കൈമാറണം. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ചുമതല കൈമാറാൻ ഹാജരാകാനാവാത്ത സ്ഥിതിയുണ്ട്. അതിനാൽ, ചുമതല കൈമാറിയില്ലെങ്കിലും അവർ വിരമിച്ചതായി കണക്കാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.