കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മൂന്നുപേരെ കൂടി പ്രത്യേകാന്വേഷണസംഘം പിടികൂടി. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജൈസൽ (മുത്തു-28), കൊളപ്പാടൻ മുഹമ്മദ്‌ നിസ്സാം(30), കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് (28) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 26 ആയി.

സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണികളായ കൊടുവള്ളി വാവാട് സ്വദേശി സുഫിയാൻ, മഞ്ചേരി പാണ്ടിക്കാട് സ്വദേശി ശിഹാബ് എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായ യുവാക്കൾ. കഴിഞ്ഞ ജൂൺ 21-ന് പാലക്കാട് സ്വദേശി മുഹമ്മദ് കുട്ടിയെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവവുമായിമായി ബന്ധമുള്ളവരാണ് ജൈസലും നിസ്സാമും.

ജൂൺ 16-ന് മുഹമ്മദ്കുട്ടിയുമായി ബന്ധമുള്ളയാൾ ഗൾഫിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവന്നിരുന്നു. ഈ സ്വർണം സുഫിയാന്റെ സംഘത്തിന് കൈമാറാതെ ഇയാൾ തട്ടിയെടുത്തു. സ്വർണം വീണ്ടെടുക്കാനാണ് സുഫിയാന്റെ നിർദേശപ്രകാരം സഹോദരൻ ഫിജാസും മഞ്ചേരി പാണ്ടിക്കാട് സ്വദേശി ശിഹാബും മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മഞ്ചേരിയിലെ ഫ്ളാറ്റിൽ എത്തിച്ച മുഹമ്മദ്കുട്ടിയെ മർദിച്ചതിലും സാധനങ്ങൾ കവർന്നതിലും ജൈസലിനും നിസ്സാമിനുമെതിരേ കേസുണ്ട്.

സ്വർണക്കടത്തിന് സഹായം ചെയ്യാൻ കഴിഞ്ഞ ജൂൺ 21-ന് കരിപ്പൂരിലെത്തിയ സംഘത്തോടൊപ്പം കൊന്നോത്ത് റിയാസും എത്തിയിരുന്നു. സുഫിയാനുമായി അടുത്തു ബന്ധമുള്ള റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്. ഇയാളുടെ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊലപാതകശ്രമത്തിന് കേസുണ്ട്.

തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ, വഴിക്കടവിൽ വച്ചാണ് മൂവരെയും പിടികൂടിയത്.

ഡിവൈ.എസ്.പി. കെ. അഷ്‌റഫിന്റെ നേതൃത്വത്തിൽ ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, പി. അബ്ദുൾ അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, ഒ. മോഹൻദാസ്, പി. സഞ്ജീവ്, വി.കെ. സുരേഷ്, രാജീവ് ബാബു തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.