കുണ്ടറ : അർബുദരോഗിയായ ഭാര്യയെ ഭർത്താവ് റോഡിലുപേക്ഷിച്ചു കടന്നതായി പരാതി. തൈറോയ്‌ഡ് കാൻസർ ബാധിച്ച പുന്തലത്താഴം അശ്വതിഭവനിൽ അശ്വതിയെയാണ് ഭർത്താവ് കിളികൊല്ലൂർ അനുഗ്രഹനഗറിൽ ദീക്ഷിത് ബി.ചന്ദ് റോഡിലിറക്കിവിട്ടശേഷം കടന്നത്. ഇരുവരും എട്ടുവർഷമായി പ്രണയത്തിലായിരുന്നതായി അശ്വതി പറയുന്നു.

തൈറോയ്‌ഡ് കാൻസർ രോഗിയാണെന്നു കണ്ടെത്തിയപ്പോൾ അക്കാര്യം ദീക്ഷിതിനെ അറിയിച്ചെങ്കിലും പിന്മാറിയില്ല. അസുഖം താൻ ചികിത്സിപ്പിച്ചു ഭേദമാക്കിക്കൊള്ളാമെന്നു വാക്കുകൊടുത്ത് അശ്വതിയെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാൻ തയ്യാറാകാതിരിക്കുകയും ദീക്ഷിതും കുടുംബാംഗങ്ങളും മാനസികവും ശാരീരികവുമായ പീഡനം ആരംഭിക്കുകയും ചെയ്തു. അശ്വതി പോലീസിലും വനിതാ സെല്ലിലും പരാതി നൽകിയതിനുശേഷമാണ് വിവാഹം കഴിക്കാൻ തയ്യാറായത്. 2019-ൽ കിളികൊല്ലൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം കഴിച്ചെങ്കിലും അശ്വതിയെ ചികിത്സിപ്പിക്കാനോ സംരക്ഷിക്കാനോ ദീക്ഷിത് തയ്യാറായില്ല.

ഭർത്താവ് തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അശ്വതിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അഞ്ചുമാസംമുൻപ്‌ പോലീസ് ഇരുവർക്കും കൗൺസലിങ്‌ നൽകിയിരുന്നു. ദീക്ഷിതിന്റെ കുടുംബാംഗങ്ങളിൽനിന്നുള്ള പീഡനമൊഴിവാക്കുന്നതിന് അശ്വതിയെ പോലീസ് അമ്മയോടൊപ്പം വിട്ടു. ദീക്ഷിത് അവിടെയെത്തി അശ്വതിയുടെ ചികിത്സയുംമറ്റും നോക്കിക്കൊള്ളാമെന്ന ഉറപ്പിലായിരുന്നു നടപടി.

പോലീസിന്റെ നിർദേശം അവഗണിച്ച ദീക്ഷിത് പിന്നീട് അശ്വതിയുടെ ചികിത്സയും ചെലവുകളും ഏറ്റെടുക്കാൻ കൂട്ടാക്കിയില്ല. കൂലിവേലചെയ്താണ് അശ്വതിയുടെ അമ്മ കുടുംബം പുലർത്തിവന്നത്. അമ്മ സുഖമില്ലാതെ കിടപ്പിലായതോടെ ആഹാരത്തിനുപോലും നിവൃത്തിയില്ലാതായി. ദീക്ഷിതിന്റെ വീട്ടിലെത്തിയ അശ്വതിയെ കുടുംബാംഗങ്ങൾ പുറത്തിറക്കിവിട്ടശേഷം വീടുപൂട്ടി പോകുകയായിരുന്നു. അശ്വതി വീണ്ടും വനിതാ സെല്ലിൽ പരാതിയുമായെത്തി. അശ്വതിയെ സഹായിച്ചുകൊള്ളാമെന്ന് വനിതാ സെല്ലിൽ എഴുതി ഒപ്പിട്ടുനൽകിയശേഷം കാറിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലേക്കു തിരിച്ച ദീക്ഷിത് അശ്വതിയെ വഴിയിലിറക്കിവിട്ടശേഷം കടക്കുകയായിരുന്നു. കോടതിയുത്തരവ് ലംഘിച്ചതിന് ദീക്ഷിതിനെതിരേ കേസെടുത്തതായി കിളികൊല്ലൂർ പോലീസ് അറിയിച്ചു.