തിരുവനന്തപുരം: സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയ വിദ്യാർഥികളെ പ്രീമെട്രിക് ഹോസ്റ്റൽ തുറക്കുന്ന മുറയ്ക്ക് തിരികെയെത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഒരു മാസത്തിനകം ലഭ്യമാക്കും.

നിലവിലുള്ള 105 പ്രീമെട്രിക് ഹോസ്റ്റൽ കൂടാതെ ഇനിയും ആവശ്യമുള്ള സ്ഥലങ്ങളിൽ ഹോസ്റ്റലുകൾ ആരംഭിക്കും. സാമൂഹ്യപഠനമുറിയും വീടുകളോട് ചേർന്നുള്ള പഠനമുറിയും കൂടുതലായി നൽകും. എം. രാജഗോപാലൻ, പി.ടി.എ. റഹിം, ജി. സ്റ്റീഫൻ, പി.പി. സുമോദ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കർഷകർക്കുള്ള നഷ്‌ടപരിഹാരം തുച്ഛം

തിരുവനന്തപുരം: കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് കൊടുക്കുന്ന നഷ്ടപരിഹാരം തുച്ഛമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നഷ്ടപരിഹാരം വർധിപ്പിക്കുന്ന കാര്യം കൃഷിവകുപ്പുമായി ചർച്ചചെയ്യും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് മാസ്റ്റർപ്ലാനിനുള്ള പദ്ധതി തയ്യാറാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. പി. ബാലചന്ദ്രൻ, ഇ.കെ. വിജയൻ, വി. ശശി, ജി.എസ്. ജയലാൽ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിദ്യാവനം വ്യാപിപ്പിക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി പരിഷ്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മാതൃകാപരമായി വൃക്ഷപരിപാലനം നടത്തുന്ന വിദ്യാലയങ്ങൾക്ക് അവാർഡുകൾ നൽകും.-സി.സി. മുകുന്ദൻ, പി.എസ്. സുപാൽ, വി.ആർ. സുനിൽകുമാർ, സി.കെ. ആശ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.