തലശ്ശേരി: നടപ്പാക്കി എട്ടുവർഷമായിട്ടും തെറ്റുകൾ തിരുത്താതെയും പരിഷ്കരണത്തോട് മുഖംതിരിച്ചും ഇ-ഡിസ്ട്രിക്ട് പദ്ധതി. അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ തെറ്റുകൾ കാരണം പലയിടത്തും അംഗീകരിക്കാത്ത അവസ്ഥയുമുണ്ട്.

കേന്ദ്രസർക്കാരിന്റെ ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി 2010-ലാണ് ഇ-ഡിസ്ട്രിക്ട് കേരളത്തിൽ തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്, കണ്ണൂർ ജില്ലകളിൽ നടപ്പാക്കി. 2011-ൽ സോഫ്റ്റ്‌വേർ പ്രവർത്തനക്ഷമമായി. 2012 മുതൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകിത്തുടങ്ങി. 2013-ൽ എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കി. 23 സർട്ടിഫിക്കറ്റുകളാണ് ഇതുവഴി നൽകുന്നത്. ഐ.ടി. വകുപ്പാണ് സോഫ്റ്റ്‌വേർ തയ്യാറാക്കിയത്.

ഉപയോഗം സങ്കീർണം

അപേക്ഷിക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാനുമുള്ള ഉപയോഗരീതി സങ്കീർണമാണ്. സ്വന്തമായി അപേക്ഷ അയച്ച് സർട്ടിഫിക്കറ്റ് ലഭിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പോർട്ടലിലെ യൂസർ എന്ന ഓപ്ഷനിലാണ് പ്രശ്‌നം. വ്യക്തികൾക്ക് സ്വന്തമായി ചെയ്യാവുന്ന തരത്തിലേക്ക് ഉപയോഗരീതി ഇനിയും ലളിതമാക്കിയിട്ടില്ല. അതിനാൽ മിക്കവരും അക്ഷയകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. അപേക്ഷകർ കൂടുമ്പോൾ സെർവർ തകരാറിലാവുന്നതും പതിവാണ്. അപേക്ഷകന്റെ ഇ-മെയിൽ വിലാസത്തിലേക്ക് സർട്ടിഫിക്കറ്റ് അയയ്ക്കുമെന്നാണ് തുടക്കംമുതൽ പറഞ്ഞിരുന്നതെങ്കിലും നടപ്പായില്ല.

തെറ്റുകളുടെ കൂമ്പാരം

ഒട്ടേറെ തെറ്റുകളും പരിമിതികളും പദ്ധതിയുടെ പോരായ്മയാണ്. അവയിൽ ചിലത്:

* ഇ-ഡിസ്ട്രിക്ടിൽ ചില ജാതിപ്പേരുകൾ രേഖപ്പെടുത്തിയതിൽ പിശകുകളുണ്ട്. ചില ജാതികളുടെ സർക്കാർ ഗസറ്റിലെ സ്‌പെല്ലിങ് അല്ല ഇ-ഡിസ്ട്രിക്ടിലുള്ളത്. അതിനാൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും പി.എസ്.സി. പോലും അംഗീകരിക്കുന്നില്ല. ഇതുകാരണം എഴുതിത്തയ്യാറാക്കിയ സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. ഒരേ ജാതിയുടെ പേരുകൾക്കുതന്നെ പലവിധത്തിൽ സ്‌പെല്ലിങ് നൽകിയതും വെല്ലുവിളിയാകുന്നു.

* പട്ടികജാതി, വർഗ വിഭാഗങ്ങളുടെ സർട്ടിഫിക്കറ്റ് മാതൃകയിൽ 2002-ലെ ഭേദഗതി പരാമർശിക്കാത്തതിനാൽ പി.എസ്.സി. സ്വീകരിക്കാത്ത സ്ഥിതിയുണ്ട്.

* അടിയന്തര സാഹചര്യത്തിലുള്ള അപേക്ഷകൾ പരിഗണിക്കാതെ അപേക്ഷ നൽകിയതിലെ മുൻഗണന മാത്രം അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

* പൊതുവിഭാഗത്തിലുള്ള ജാതിസർട്ടിഫിക്കറ്റുകൾ ഇ-ഡിസ്ട്രിക്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.