മൂന്നാർ: വ്യാജ കോളേജ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പട്ടികജാതി വകുപ്പിൽനിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പറ്റിക്കപ്പെട്ടവർ പണം തിരിച്ചടയ്ക്കാനാവശ്യപ്പെട്ട് ദേവികുളം താലൂക്ക് പട്ടികജാതി ഓഫീസർ നോട്ടീസ് അയച്ചു. ചില മുൻ ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് നടത്തിയ തട്ടിപ്പിന് ഇരയായ 23 യുവാക്കളോടാണ് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് പണം നൽകിയതിനാലാണ് അവർക്ക് നോട്ടീസ് അയച്ചതെന്ന് പട്ടികജാതി വികസന ഓഫീസർ പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദംമുതലുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സ്കോളർഷിപ്പ് തുകയാണ് ചില മുൻ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ കുട്ടികളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി തട്ടിയെടുത്തത്. 20,000 മുതൽ 50,000 രൂപവരെയാണ് ഓരോ കുട്ടിക്കും സർക്കാർ നൽകുന്നത്.

2018-19 കാലഘട്ടത്തിൽ 78- ഉം 2019-20 കാലഘട്ടത്തിൽ 190 പേർക്കുമാണ് ദേവികുളം പട്ടികജാതി വികസന ഓഫീസിൽനിന്ന് പണം നൽകിയത്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് 2018-19-ൽ 9 കുട്ടികളുടെയും 2019-20-ൽ 14 കുട്ടികളുടെയും പേരിൽ വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടിയെടുത്തതായി കണ്ടെത്തിയത്. കുട്ടികളുടെയും വർഷങ്ങൾക്ക് മുൻപ് പഠനം നിർത്തിയവരുടെയും ബാങ്ക് പാസ്ബുക്കും എ.ടി.എം.കാർഡും വാങ്ങിയെടുത്ത ശേഷം വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ചില മുൻ ജനപ്രതിനിധികളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തങ്ങളുടെ പാസ്ബുക്കും എ.ടി.എം.കാർഡും വങ്ങിയെടുത്തത് സംബന്ധിച്ച് വർഷങ്ങൾക്ക് മുൻപ് പഠനം നിർത്തിയവർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

പ്രമുഖ കോളേജുകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്

പോലീസ് രഹസ്യാന്വേഷണ വിഭാഗം ദേവികുളം പട്ടികജാതി വികസന ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രമുഖ കോളേജുകളുടെ വ്യാജ സർട്ടിഫിക്കറ്റുകളാണ്. പ്രമുഖ എൻജിനീയറിങ് കോളേജുകളുടെ പേരിലാണ് സർട്ടിഫിക്കറ്റുകൾ അധികവും. കോളേജുകളുടെ എംബ്ലവും പ്രിൻസിപ്പലിന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കിയാണ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ചില സർട്ടിഫിക്കറ്റുകളിൽ സീൽ ഇല്ല. തോട്ടം മേഖലയിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് വ്യാജസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തി. തട്ടിപ്പ് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയ ശേഷം കേസ് വിജിലൻസിന് കൈമാറാനാണ് സാധ്യത.