തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് രാജ്ഭവനിൽ നടത്താനാണ് സി.പി.എമ്മിന്റെ ആലോചന. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്നതാണ് ധാരണ. എൽ.ഡി.എഫ്. യോഗത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. സെന്റർ സ്റ്റേഡിയത്തിൽ ആഘോഷപൂർവമായിരുന്നു ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്.

സർക്കാർ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ചൊവ്വാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബി. ആണ്. പിണറായിയുടെ കാര്യത്തിൽ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടിമാത്രമാണ്. മന്ത്രിമാരെ സംബന്ധിച്ചുള്ള സംസ്ഥാനനേതൃത്വത്തിന്റെ നിർദേശങ്ങൾ കോടിയേരി ബാലകൃഷ്ണൻ പി.ബി. യോഗത്തിൽ അറിയിക്കും. ഇക്കാര്യത്തിൽ തീരുമാനമായശേഷം സംസ്ഥാനസമിതിയോഗവും എൽ.ഡി.എഫ്. യോഗവും ചേരും.

തിങ്കളാഴ്ച സർക്കാർ അധികാരമേൽക്കുമെന്നാണ് വിവരം. ഇതിനുമുമ്പായി ഘടകകക്ഷികളുമായി ചർച്ച നടത്തി, മന്ത്രിമാർ, വകുപ്പുകൾ എന്നിവയിൽ ധാരണയുണ്ടാക്കും. സീറ്റ് വിഭജനകാര്യത്തിലടക്കം ഉഭയകക്ഷിചർച്ചയിൽ കാര്യക്ഷമമായി ഇടപെട്ട കോടിയേരി ബാലകൃഷ്ണന് തന്നെയാകും ഇതിന്റെയും ചുമതല.

ഒറ്റ അംഗങ്ങളുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചർച്ചയിലുണ്ടാകുക. ഒന്നാം സർക്കാർ രൂപവത്കരണഘട്ടത്തിൽ കോൺഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയിൽ ഒറ്റ എം.എൽ.എ. മാത്രമുള്ള ഘടകകക്ഷി. പിന്നീടാണ് കേരള കോൺഗ്രസ് (ബി) മുന്നണിയിലെത്തിയത്. അവർക്ക് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവിയോടെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകി.

ഇത്തവണ, അഞ്ച് ഘടകകക്ഷികൾ ഒറ്റഅംഗ പാർട്ടികളായി മുന്നണിയിലുണ്ട്. ഘടകകക്ഷിയല്ലാത്ത ആർ.എസ്.പി. (ലെനിനിസ്റ്റ്) യുമുണ്ട്. അഞ്ചുസീറ്റുള്ള കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെങ്കിലും നൽകേണ്ടതുമുണ്ട്. 20 അംഗമന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞസർക്കാരിൽ സി.പി.എമ്മിനുണ്ടായിരുന്നത്. സി.പി.ഐ.ക്ക് നാലും എൻ.സി.പി., ജെ.ഡി.എസ്. എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയിൽ പരമാവധി 21 അംഗങ്ങളെയാണ് ഉൾപ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉൾപ്പെടുത്തിയാലും എല്ലാകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയുള്ള പൊതുധാരണയാണ് ഘടകകക്ഷികളുമായുള്ള ചർച്ചയിലുണ്ടാക്കുക.

'ധനകാര്യ'ത്തില്‍ രാജീവോ ബാലഗോപാലോ?

2006 മുതല്‍ ഐസക്കാണ് സി.പി.എമ്മിന്റെ ധനകാര്യമുഖം. ഐസക്കില്ലാത്ത മന്ത്രിസഭയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ വരുന്നത്. ഒട്ടേറെ യുവപ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും കെ.എന്‍. ബാലഗോപലുമാണ് ഇവരില്‍ സാധ്യതകല്പിക്കപ്പെടുന്ന പ്രമുഖര്‍. ഐസക്കിന്റെ പിന്‍ഗാമിയായി ഇവരില്‍ ഒരാളാവുമോയെന്നതാണ് ഇനി അറിയാനുള്ളത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പാര്‍ട്ടി ഉപരിഘടകത്തില്‍നിന്ന് മന്ത്രിമാരാകാനിടയുള്ള മറ്റുള്ളവര്‍.

ശൈലജയ്ക്കുപുറമേ വനിതാമന്ത്രിയുണ്ടാകുമോയെന്ന ചോദ്യവുമുണ്ട്. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ആരെന്നാണ് ആകാംക്ഷ. വീണാ ജോര്‍ജിന്റെ പേരിനാണ് മുന്‍തൂക്കം. മന്ത്രിമാരില്‍ രണ്ടു വനിതകളില്ലെങ്കില്‍ സ്പീക്കര്‍ പദവിയില്‍ ഒരു വനിതയെ കൊണ്ടുവന്നേക്കുമെന്നും പറയുന്നുണ്ട്.

Content Highlight: 2nd Pinarayi govt oath-taking ceremony