കടുത്തുരുത്തി: കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന സഹകരണസംഘത്തിൽ സാമ്പത്തികക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സെക്രട്ടറിക്കെതിരേ കടുത്തുരുത്തി പോലീസ് കേസെടുത്തു. വൈക്കം താലൂക്ക് ഫാമിങ്‌ ആൻഡ് ട്രേഡിങ്‌ സഹകരണ സംലം സെക്രട്ടറി, വൈക്കം തലയാഴം സ്വദേശി സരസമ്മ (58) യ്ക്കെതിരേയാണ് കേസ്. സംഘം പ്രസിഡന്റ് ജോസഫ് അരുണാശ്ശേരിയുടെ പരാതിയിലാണ് നടപടി. സംഘത്തിൽനിന്ന്‌ 1.07 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

നിക്ഷേപകർക്ക് നിക്ഷേപത്തുക കിട്ടാതെ വന്നപ്പോഴുള്ള അന്വേഷണത്തിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. സംഘം പ്രസിഡന്റ്, സഹകരണവകുപ്പിനും പരാതി നൽകിയിരുന്നു. സെക്രട്ടറിയെ ഒരുമാസംമുമ്പ് സസ്പെൻഡുചെയ്തിരുന്നു. സെക്രട്ടറിയും ഒരു പ്യൂണും മാത്രമാണ് സഹകരണസംഘത്തിൽ ജീവനക്കാരായുള്ളത്.

സംഘം പ്രസിഡന്റിന്റെയും കുടുംബാംഗങ്ങളുടെയും നിക്ഷേപം, ബോർഡംഗങ്ങളുടെ നിക്ഷേപം, സ്വർണം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെന്നറിയുന്നു. നിക്ഷേപകർക്ക് രസീത് നൽകിട്ടുണ്ടെങ്കിലും സംഘത്തിന്റെ രേഖകളിൽ ഇവ കാണുന്നില്ല.

പണം നഷ്ടപ്പെട്ടവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപയുടെ നിക്ഷേപങ്ങളാണ് രേഖകളിൽ കാണുന്നതെങ്കിലും അതിൽകൂടുതൽ നിക്ഷേപം സ്വീകരിച്ചതായാണ് അറിയുന്നത്.

26 വർഷംമുമ്പ്‌ മാന്നാർ മിച്ചഭൂമി സഹകരണ സംഘമായി രൂപവത്‌കരിച്ച സംഘം പിന്നീട് വ്യാപാരികളുമായി ചേർന്ന് ഫാമിങ്‌ ആൻഡ് ട്രേഡിങ്‌ സംഘമായി മാറുകയായിരുന്നു. ചിട്ടി നടത്തിയും കർഷകർക്കും വ്യാപാരികൾക്കും വായ്പ നൽകിയുമാണ് സംഘം പ്രവർത്തിച്ചിരുന്നത്. കടുത്തുരുത്തിയിൽ മെഡിക്കൽ ഷോപ്പും പ്രവർത്തിച്ചിരുന്നു. സരസമ്മയാണ് സംഘത്തിന്റെ ആരംഭകാലംമുതലുള്ള സെക്രട്ടറി.

സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘം ഭരിക്കുന്നത്.