കണ്ണൂർ: ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെക്കൽ മാത്രമേ രക്ഷയുള്ളൂ ഡോ. നിഖിലിന്. കടുത്ത കഷ്ടപ്പാടുകൾക്കിടയിലും ചികിത്സയ്ക്കായി തുക കണ്ടെത്താനുള്ള വഴി തേടുകയാണീ 31-കാരന്റെ കുടുംബം. അപ്പോഴും നിഖിൽ തേടുന്നത് പുതിയ ഗവേഷണങ്ങളുടെ സങ്കീർണമായ വഴികൾ. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിലാണ്‌ ഈ യുവ ശാസ്ത്രജ്ഞൻ.

രാസായുധങ്ങൾ മനുഷ്യശരീരത്തിൽ എന്തുമാറ്റമാണ് ഉണ്ടാക്കുന്നതെന്നതായിരുന്നു നിഖിലിന്റെ പ്രധാന പ്രബന്ധം. സൈനികമേഖലയിൽ ഏറെ ആവശ്യമുള്ള കണ്ടുപിടിത്തമാണിത്. കോയമ്പത്തൂർ ഡി.ആർ.ഡി.ഒ.യിൽ പിഎച്ച്്.ഡി. ഗവേഷണ വേളയിലായിരുന്നു ഈ പഠനം. തന്റെ 10 പ്രബന്ധങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഇതാണെന്ന് നിഖിൽ പറഞ്ഞു.

ചില ഫംഗസുകളിൽ കാണുന്ന പ്രത്യേക തന്മാത്രകൾ വിഷമയമാണ്. അത്തരം 30 തന്മാത്രകളെ വൻതോതിലുണ്ടാക്കി അത് രാസായുധങ്ങൾക്കായി ഉപയോഗിക്കാം. ഫംഗസിൽനിന്ന് ഉത്പാദിപ്പിക്കുന്ന ’ടി2 ടോക്സിൻ’ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞാകും ദൂഷ്യഫലം കാണിക്കുക. വൃക്ക, കരൾ, തലച്ചോറ്, അസ്ഥികൾ എന്നിവയ്ക്ക് തിരിച്ചറിയാത്ത രോഗം ബാധിക്കാം. ‘ടി2 ടോക്സിൻ’ ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്നാണ് നിഖിലിന്റെ കണ്ടുപിടിത്തം. രാസായുധങ്ങൾ നേരിടേണ്ടിവരുന്ന സൈനികർക്ക് അത് ചെറുക്കാൻ ഇതുവഴി കഴിയും. അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിൽ നിഖിലിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചു. പോളണ്ടിലെ പോളിഷ് അക്കാദമി ഓഫ് സയൻസിൽ പുതിയ മരുന്ന് ഗവേഷണത്തിന് ക്ഷണം ലഭിച്ചെങ്കിലും അസുഖം കാരണം പോകാനായില്ല.

മറവിരോഗത്തിന്റെ പ്രത്യേകത അത് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്നതാണ്. ഇതിന് പരിഹാരമായി നിഖിലും സംഘവും കണ്ടെത്തിയ അപ്ടാമർ മോളിക്യൂൾ ഇപ്പോൾ പേറ്റന്റ് ഘട്ടത്തിലാണ്. സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എടുത്ത് ഈ തന്മാത്രയടങ്ങിയ കിറ്റുപയോഗിച്ച് പരിശോധിച്ചാൽ രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പറ്റും -നിഖിൽ പറഞ്ഞു. ജപ്പാനിലെ റിക്കൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ്‌ ഈ ഗവേഷണം. കാൻസറിനും മറ്റും കൊടുക്കുന്ന മരുന്നുകൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെങ്കിലും ശരീരത്തിലെ മറ്റു കോശങ്ങൾക്ക് വലിയ ദോഷമുണ്ടാക്കും. ഈ മരുന്നുകളെ ശരീരത്തിലെ രോഗം ബാധിച്ച ഭാഗത്തേക്ക് മാത്രം പോകുന്ന തരത്തിൽ നാനോട്യൂബ് ഉപയോഗിച്ച് (ഡെലിവറി വെഹിക്കിൾ) കടത്തിവിടാം. ഇതുമായി ബന്ധപ്പെട്ട പ്രബന്ധവും പ്രസിദ്ധീകരിച്ചു.

അതിനിടെ ജപ്പാനിൽ സൂപ്പർ കംപ്യൂട്ടർ ഉപയോഗിച്ച് പഠനം നടത്താനുള്ള പ്രോജക്ടിനും അംഗീകാരം ലഭിച്ചു. ഇപ്പോൾ രോഗക്കിടക്കയിലും വീട്ടിലിരുന്ന് ഇതുമായി ബന്ധപ്പെട്ട ജോലിയിലാണ്. കൊളസ്‌ട്രോൾ കൈകാര്യം ചെയ്യുന്ന ഒരു പ്രോട്ടീൻ സീതപ്പഴത്തിൽ നിന്ന് വേർതിരിച്ചെടുക്കുക വഴി ആയുർവേദ മരുന്നുകളുടെ ഉള്ളറകൾ എളുപ്പത്തിൽ മനസ്സിലാക്കാമെന്ന് അദ്ദേഹം പറയുന്നു.

പാട്യം ഓട്ടച്ചിമാക്കൂലിലെ പരേതനായ ദാമുവിന്റെയും കനകയുടെയും മനാണ് നിഖിൽ. 12 വർഷമായി വൃക്കരോഗ ബാധിതനാണ്. ഇപ്പോൾ രണ്ടുവൃക്കകളുടെയും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ചികിത്സച്ചെലവ് താങ്ങാനുള്ള സാമ്പത്തികശേഷി കുടുംബത്തിനില്ല. നിഖിലിന് വേഗം ചികത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പാട്യം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.പ്രദീപ് കുമാർ ചെയർമാനും കെ.നിഷാന്ത് സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇതിനായി പ്രവർത്തിക്കുന്നത്. എറണാകളും ലേക്‌ഷോർ ആസ്പത്രിയിലാണ് ചികിത്സ. ഫെഡറൽ ബാങ്ക് പാനൂർ ശാഖയിലെ അക്കൗണ്ട് നമ്പർ: 20260200004592. IFSC: FDRL0002026. SWIFT CODE FDRLINBBIBD. ഗൂഗിൾപേ നമ്പർ: 9207050609.

ഒറ്റദിവസം 12 ലക്ഷം

: ഡോ. നിഖിലിനെക്കുറിച്ച്‌ ബുധനാഴ്ച ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന്‌ ഒറ്റദിവസം കൊണ്ടുതന്നെ 12 ലക്ഷം രൂപയുടെ സഹായം ലഭിച്ചതായി സഹായക്കമ്മിറ്റി ചെയർമാൻ കെ.പി.പ്രദീപ്‌കുമാർ അറിയിച്ചു.