കൂത്തുപറമ്പ്: സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നിർമലഗിരി കോളേജ് എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ദീപമോൾ മാത്യുവിന് ലഭിച്ചു. മികച്ച യൂണിറ്റിനുള്ള അവാർഡും കോളേജ് നേടി. മലയാളവിഭാഗം അസി. പ്രൊഫസറാണ് ഡോ. ദീപ.

കോവിഡ് കാലത്ത് നിരവധി ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങളാണ് എൻ.എസ്.എസ്. യൂണിറ്റ് നടത്തിയത്. പ്രളയകാലത്ത് കണ്ണൂരിലും വയനാട്ടിലും സാധനങ്ങളും സാമ്പത്തിക സഹായവും പഠനസാമഗ്രികളും എത്തിച്ചു. ചാവശ്ശേരിയിൽ ഇരിട്ടി നഗരസഭ ഏൽപ്പിച്ചു നൽകിയ സ്നേഹവീട് നിർമാണം അന്തിമഘട്ടത്തിലാണ്. സർവകലാശാലയുടെ ഉർവരം പദ്ധതിയിൽ ഉൾപ്പെടുത്തി വൊളന്റിയർമാർ നിർമിച്ച തുണിസഞ്ചികൾ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും നൽകി. ടോയ്‌ലറ്റ് നിർമാണം, കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ നടപ്പാക്കിയ പദ്ധതിയിലേക്ക് പഠനാവശ്യത്തിനായി ബഞ്ചും ഡസ്കും നൽകൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.

കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ ആക്‌ഷൻ പ്ലാൻ ഇൻസ്റ്റിറ്റ്യൂഷൻ അംഗീകാരവും കോളജിന് ലഭിച്ചിരുന്നു. കോളജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ ഡോ. കെ.വി.ഔസേപ്പച്ചൻ, കണ്ണൂർ സർവകലാശാല ഡി.എസ്.എസ്. ഡോ. പ്രിയാ വർഗീസ്, വൊളന്റിയർമാർ തുടങ്ങിയവരുടെ പിന്തുണയാണ് തന്നെ അവാർഡിന് അർഹയാക്കിയതെന്ന് ഡോ. ദീപമോൾ മാത്യു പറഞ്ഞു.