കാസർകോട്: ദേശീയപാതയിൽ മൊഗ്രാൽപുത്തൂരിൽ സ്വർണവ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം കണ്ണൂർ ജില്ല കേന്ദ്രീകരിച്ച്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി. ദൃശ്യം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടിരുന്നു. ഈ കാറിലുള്ളവർ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലെത്തിയ ദൃശ്യം പോലീസിന് ലഭിച്ചു. പ്രതികൾ കണ്ണൂർ ജില്ലക്കാരാകാമെന്ന നിഗമനത്തിലാണ് പോലീസ്.

സമാനരീതിയിൽ നടന്ന കവർച്ചകളുമായി ബന്ധപ്പെടുത്തിയും പോലീസ് അന്വേഷിക്കുന്നുണ്ട്. കവർച്ചയ്ക്കിരയായ മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുൽ മഹാജേവ് ജാവിറിന്റെ പരാതിയിലാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്. സെപ്റ്റംബർ 22-നാണ് സംഭവം. കാസർകോട് ടൗൺ ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.