ഹരിപ്പാട്: കോട്ടയത്തുനിന്നു മോഷ്ടിച്ചസ്വർണം എറണാകുളം ബ്രോഡ്‌വേയിലെ സ്വർണക്കടകളിൽ വിൽക്കാൻ ശ്രമിച്ചതാണു പ്രതികളുടെ കുടുക്കിയത്. ഇവിടെ മൂന്നുകടകളിൽ കയറിയിറങ്ങി. കടക്കാർ സ്വർണം വാങ്ങാൻ തയ്യാറായില്ല. മോഷണമുതലാണെന്നു സംശയം പറഞ്ഞാണു കടക്കാർ ഒഴിവാക്കാൻ ശ്രമിച്ചത്. ഇതിൽ ഒരു കടയിൽ റോക്കി ഫോൺനമ്പർ കൊടുത്തിരുന്നു. എന്നിട്ടും അവർ സ്വർണം വാങ്ങിയില്ല. ഇവിടെ കടകളിൽ ചിലർ സ്വർണം വിൽക്കാൻ ശ്രമിച്ചതായി ഒരു കടയുടമ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബിനുകുമാറിന്റെ നേതൃത്വത്തിലെ പോലീസ്‌സംഘം അൻപതോളം സ്വർണക്കടകളിൽ പരിശോധന നടത്തി. ഇതിനിടെയാണ് ഒരുകടയിൽനിന്നു പ്രതികളുടെ മുഖം വ്യക്തമാകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ കിട്ടുന്നത്. കടയ്ക്കുള്ളിൽ കയറിയപ്പോൾ ഇരുവരും മുഖാവരണം ധരിച്ചിരുന്നു. എന്നാൽ, കടയ്ക്കുപുറത്തുനിന്നു സംസാരിച്ചപ്പോൾ ഏതാനും സെക്കൻഡുകൾ നേരത്തേക്കു റോക്കി മുഖാവരണം മാറ്റിയിരുന്നു. ഈ ചിത്രമാണ് കേസിൽ വഴിത്തിരിവായത്. വിവിധജില്ലകളിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഈ ചിത്രം ഇട്ടപ്പോൾ തിരുവനന്തപുരം ജില്ലയിലെ ഒരു ഉദ്യോഗസ്ഥനാണ് റോക്കിയെ തിരിച്ചറിയുന്നത്. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ തമിഴ്‌നാട്ടിലാണെന്നു തിരിച്ചറിഞ്ഞു. ഉച്ചയോടെ സേലത്തുവച്ച് ഈ ഫോൺ സ്വിച്ച് ഓഫായി. ഇതോടെ പോലീസ് സംഘം ആശയക്കുഴപ്പത്തിലായി. തുടർന്ന് ഇയാളുടെ ഫോൺ വിളിയുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണു നിശാന്താണ് ഒപ്പമുള്ളതെന്നു തിരിച്ചറിയുന്നത്. പിന്നീട് നിശാന്തിന്റെ ഫോൺ പോലീസ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണു നീണ്ടകരപ്പാലത്തിൽ ബസ് തടഞ്ഞുനിർത്തി ഇയാളെ പിടികൂടുന്നത്.

തൃക്കുന്നപ്പുഴയിലെ ആക്രമണത്തിനുശേഷം എറണാകുളത്തെത്തിയ പ്രതികൾ അവിടെ ലിസി ജങ്ഷനിൽ ലോഡ്‌ജിൽ മുറിയെടുത്തിരുന്നു. ഇവിടെ റോക്കിയുടെ തിരിച്ചറിയൽ കാർഡ് നൽകിയതായി പിന്നീട് പോലീസിനു വിവരം ലഭിച്ചു. ഈ തിരിച്ചറിയൽ കാർഡ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.