കുറ്റിപ്പുറം: ക്യൂനെറ്റ് മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ സംസ്ഥാനത്ത് ഏതാനും മാസങ്ങൾക്കിടെ നടന്നത് കോടികളുടെ തട്ടിപ്പ്. ഒട്ടേറെപ്പേർ വിവിധ പോലീസ്‌സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കന്പനിയാണ് ക്യൂ നെറ്റ്. പ്രധാന പ്രതികൾ പലരും ഗൾഫ് രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും രക്ഷപ്പെട്ടതായും സൂചനയുണ്ട്.

റെന്റ് എ കാർ, ഹോളിഡെ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പടെ 400-ൽപ്പരം ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിേക്ഷപകരെ കബളിപ്പിച്ചത്. ആമസോൺ, ഫ്ലിപ്പ്ക്കാർട്ട് തുടങ്ങിയ കമ്പനികളുടെ ഇ-കൊമേഴ്സ് രീതിയാണ് അവതരിപ്പിക്കുക. കമ്പനിയുടെ പേര്, ക്യൂ-നെറ്റ് എന്നും ക്യു-ഐ എന്നെുമൊക്കെ വ്യത്യസ്തമായി പറയുന്നുണ്ട്.

10 ശതമാനംവരെയാണ് കമ്മിഷൻ വാഗ്ദാനം. സാധനങ്ങളും സേവനങ്ങളും വിൽക്കാനായി നിക്ഷേപകൻ ഫ്രാഞ്ചൈസി, ഡീലർ എന്നിവയിലേതെങ്കിലും പണംകൊടുത്ത് വാങ്ങണം. ഷോപ്പ് എന്ന സ്ളാബാണ് ഇതിന്റെ മാനദണ്ഡം. ഒരു ഷോപ്പിന് ഏകദേശം 60,000 രൂപയാണ് വില. കുറഞ്ഞത് ഒരാൾ അഞ്ചുഷോപ്പെങ്കിലും വാങ്ങണം. പത്തുഷോപ്പിന് മുകളിൽ വാങ്ങുന്നവരാണ് ഡീലർ കാറ്റഗറിയിൽ ഉൾപ്പെടുക.

ഉത്‌പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ യാതൊരു വിവരങ്ങളും നൽകില്ല. പണം നിക്ഷേപിച്ചാൽപ്പിന്നെ ഇടയ്ക്കിടയ്ക്ക് മാനസിക ഉയർച്ചയ്ക്കുള്ള ക്ളാസുകളാണ് ഒരുക്കിക്കൊടുക്കുക. ക്ളാസെടുക്കുന്നത് ഈ തട്ടിപ്പ് സംഘത്തിലെ വിദഗ്ദർതന്നെ. ക്ളാസുകൾ നടക്കുക പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നക്ഷത്രഹോട്ടലുകളിൽ. അവിടുത്തെ താമസത്തിനും ഭക്ഷണത്തിനും വരുന്ന തുക നിക്ഷേപകൻതന്നെ നൽകണം.

ലക്ഷങ്ങൾ കൊടുത്ത് അംഗമായവർക്ക് വാച്ച്, മാല, ചായപ്പൊടി, തേൻകുപ്പികൾ, ക്രീമുകൾ തുടങ്ങിയ ചില ഉത്‌പന്നങ്ങൾ കൊറിയർ വഴിയെത്തും. ദുബായിയിൽനിന്നാണ് ഈ സമ്മാനങ്ങൾ എത്തുക. അഞ്ചും പത്തും ലക്ഷം നിക്ഷേപിച്ചവർക്ക് വിപണിയിൽ 4,000 രൂപയോളം വിലവരുന്ന വാച്ചിന് 65,000 രൂപ, വിർജിൻ കോക്കനട്ട് ഓയലിന് 2,500 രൂപ എന്നിങ്ങനെ ബില്ലിൽ വില രേഖപ്പെടുത്തിയ സമ്മാനങ്ങളാണ് കിട്ടുക.

മൂന്നുമാസം മുതൽ ആറുമാസം വരെയുള്ള കാലയളവിൽ നിക്ഷേപകന് നിക്ഷേപസംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും പണത്തെക്കുറിച്ച്‌ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാർ പറയുന്നു.