തിരുവനന്തപുരം: മോൺസൺ മാവുങ്കൽ ടി.വി. ചാനലിന്റെ പേരിലും സാമ്പത്തിക ക്രമക്കേട് കാണിച്ചതായി പരാതി. ‘ടി.വി. സംസ്കാര’ എന്ന ചാനലിന്റെ പേരിൽ മോൺസൺ തട്ടിപ്പുനടത്തിയെന്നാരോപിച്ച് എം.ഡി. ബാബു ഉമ്മശ്ശേരി ഡി.ജി.പി.ക്ക് പരാതി നൽകി.

പത്തുകോടി വാഗ്ദാനംചെയ്താണ് മോൺസൺ ചാനലിന്റെ സാരഥ്യം ഏറ്റെടുക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ ചാനലിന്റെ ഡയറക്ടർബോർഡ് അംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ മോൺസൺ പ്രതിയല്ലെങ്കിലും പുരാവസ്തു തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ചാനലിൽ മോൺസൺ നടത്തിയ ഇടപെടലുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

മോർഫ് ചെയ്ത ചിത്രം: മന്ത്രി വി. ശിവൻകുട്ടി ഡി.ജി.പി.ക്ക്‌ പരാതി നൽകി

തിരുവനന്തപുരം: മോൺസൺ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോർഫ് ചെയ്തതാണ് എന്നു ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവൻകുട്ടി ഡി.ജി.പി.ക്ക്‌ പരാതി നൽകി. മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.