കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്‌ജെൻഡറിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി ശ്രദ്ധ (21) യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ പോണേക്കരയിലെ വാടകവീട്ടിൽ സുഹൃത്തുകളാണ് ശ്രദ്ധയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി എളമക്കര പോലീസ് അറിയിച്ചു.

ശ്രദ്ധ കഴിഞ്ഞയാഴ്ച കൊല്ലത്തുള്ള വീട്ടിൽ പോയി വന്നിരുന്നു. ഒരുമിച്ച് താമസിച്ചിരുന്ന രണ്ട് സുഹൃത്തുക്കൾ പുലർച്ചെ പുറത്തുപോയി വന്നപ്പോഴാണ് മരിച്ചനിലയിൽ ശ്രദ്ധയെ കാണുന്നത്. വിളിച്ചിട്ട് കതകു തുറക്കാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചുനോക്കുകയായിരുന്നു. പ്രതികരിക്കാത്തതിനെ തുടർന്ന് തുറന്നുകിടന്ന ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കാണുന്നത്.

എളമക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്ഥാന യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് അടിയന്തരമായി സമഗ്രമായ റിപ്പോർട്ട് നൽകാൻ യുവജന കമ്മിഷൻ ആവശ്യപ്പെട്ടു. ശ്രദ്ധയുടെ കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് യുവജന കമ്മിഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു.

രണ്ടുമാസം മുൻപാണ് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരിയെ കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.