തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. സി.ബി.എസ്.ഇ. പ്ലസ്ടു മാർക്കിന്റെ പുനഃപരിശോധനാ ഫലംകൂടി വന്നാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള അന്തിമനടപടികളിലേക്ക് നീങ്ങും. പുനഃപരിശോധനാ ഫലത്തിൽ മാർക്ക് വ്യത്യാസമുള്ളവർക്ക് പ്രവേശനപരീക്ഷാ വെബ്‌സൈറ്റിൽ അത് അപ്‌ലോഡ് ചെയ്യാൻ സൗകര്യമൊരുക്കും. തുടർന്നാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. പ്രവേശനനടപടികൾ ഒക്ടോബർ 25-നുമുമ്പ് പൂർത്തിയാക്കും.

എൻജിനിയറിങ് കോളേജുകളിലെ പ്രവേശനനടപടികൾ ഒക്ടോബർ ഒന്നിന് ആരംഭിച്ച് 25-ന് പൂർത്തിയാക്കാനാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ തീരുമാനം. ഇതിനനുസരിച്ച് സംസ്ഥാനത്തും പ്രവേശനനടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ ഒന്നിന് പ്രവേശനനടപടികൾ ആരംഭിക്കാനാകാത്ത അവസ്ഥയാണ്. നടപടികൾ വൈകി ആരംഭിക്കുന്നതിനാൽ ഒരു അലോട്ട്‌മെന്റ് ഒഴിവാക്കി നിശ്ചിതസമയത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. എന്നാൽ, ഇതിനെതിരേ വിദ്യാർഥികൾ കോടതിയെ സമീപിക്കുകയാണെങ്കിൽ നടപടികൾ വീണ്ടും വൈകാനിടയാക്കും.