കോട്ടയം: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്.) രക്ഷാധികാരിയായ മോൻസൺ മാവുങ്കലിനെ സംഘടനയിൽനിന്ന്‌ പുറത്താക്കിയതായി ഗ്ലോബൽ ചെയർമാൻ ജോസ് ആൻറണി കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ്‌ മാത്യു പനച്ചിക്കൽ, കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ബിജു കെ.തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മോൻസനെ അറസ്റ്റ്‌ ചെയ്തത് സംഘടനയ്ക്ക് അപകീർത്തികരമാണെന്ന്‌ ഭാരവാഹികൾ പറഞ്ഞു. 2008 മുതൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ. രജിസ്ട്രേഷനുള്ള സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ. ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയെ അപകീർത്തിപ്പെടുത്തുന്നരീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിദ്യാകിരൺ പദ്ധതിയിൽപ്പെടുത്തി നൂറോളം മൊബൈൽ ഫോണുകൾ സംഘടന നിർധനരായ വിദ്യാർഥികൾക്ക് നൽകി. വെള്ളപ്പൊക്കസമയത്തും കോവിഡ് ഒന്നാംഘട്ടത്തിലും ഏറെ സഹായങ്ങൾ നൽകിയിരുന്നു.