കടുത്തുരുത്തി: മോൻസൺ മാവുങ്കൽ, കടുത്തുരുത്തി ആയാംകുടിയിൽ പ്രവർത്തിക്കുന്ന മാംഗോ മെഡോസിന്റെ എം.ഡി. എൻ.കെ.കുര്യനെയും കെണിയിൽ വീഴ്ത്താൻ ശ്രമിച്ചു. മോൻസന്റെ തട്ടിപ്പിൽനിന്ന്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുര്യനും കുടുംബവും.

എറണാകുളം മാർക്കറ്റ് റോഡിലെ വസ്ത്രവ്യാപാരിയായ ഹാഷിം വഴിയാണ് കുര്യനെ മോൻസൺ പരിചയപ്പെടുന്നത്. ഹാഷിമിനോട് ഫോൺ നമ്പർ വാങ്ങി മോൻസൺ കുര്യനെ വിളിച്ചു. തുടർന്ന് ബന്ധങ്ങളും സമ്പത്തും വെളിപ്പെടുത്താനെന്നവണ്ണം കുര്യന്റെ ഫോണിലേക്ക് മോൻസന്റെ മെസേജുകളുടെ കുത്തൊഴുക്കായിരുന്നു. ഭാര്യയെന്നും ഭാര്യയുടെ സുഹൃത്തെന്നും പരിചയപ്പെടുത്തിയ രണ്ട് യുവതികൾക്കൊപ്പം ആഡംബര കാറിൽ മോൻസൺ മാംഗോ മെഡോസിലുമെത്തി.

മാംഗോ മെഡോസ് തനിക്ക് ഇഷ്ടമായെന്ന് മോ‍ൻസൺ പറഞ്ഞു. ഇതിന് പ്രചാരണം നൽകാൻ ബിസിനസിൽ തന്നെയും പങ്കാളിയാക്കാമോയെന്ന് കുര്യനോട് ചോദിച്ചു. എറണാകുളത്തുള്ള തന്റെ വീട് സന്ദർശിക്കാൻ കുര്യനെ ക്ഷണിച്ചാണ് മോൻസൺ മടങ്ങിയത്.

കുര്യൻ പിന്നീട് ഹാഷിമിനൊപ്പം എറണാകുളത്ത് തേവര പാലത്തിന് സമീപത്തെ മോൻസന്റെ ഫ്ളാറ്റിന് സമീപമെത്തി. താൻ മന്ത്രിയുമായി ഒരു മീറ്റിങ്ങിലാണെന്നും എത്തുംവരെ ഫ്ളാറ്റിന് മുന്നിലുള്ള കാരവനിൽ വിശ്രമിക്കാനും മോൻസൺ കുര്യനോട് ആവശ്യപ്പെട്ടു.

കാരവനിലെ സൗകര്യങ്ങൾ തന്നെ ഞെട്ടിച്ചെന്നാണ് കുര്യൻ പറയുന്നത്. ആഡംബര കാറിലെത്തിയ മോൻസൺ, മോഹൻലാലും താനും മാത്രമാണ് ഈ കാരവൻ മുമ്പ് ഉപയോഗിച്ചിട്ടുള്ളതെന്നും കുര്യനോടുള്ള ബഹുമാനം കൊണ്ടാണ് ഇതിൽ പ്രവേശിപ്പിച്ചതെന്നും പറഞ്ഞു.

മാംഗോ മെഡോസിൽ മുതൽമുടക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ ഫണ്ട് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കിന്റെ തടസ്സമുണ്ടെന്നും ഇയാൾ പറഞ്ഞു. അത് നീക്കാൻ എട്ട് ലക്ഷം രൂപ തരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ തനിക്ക് ഫണ്ട് ലഭിക്കും. അപ്പോൾ തന്റെ വിഹിതം മുടക്കാമെന്നായിരുന്നു വാഗ്ദാനം. തുടർന്നും മോൻസൺ തുടർച്ചയായി കുര്യനെ ഫോണിൽ വിളിച്ചു. ഒരു മാസത്തോളം ഇത് തുടർന്നു.