തിരുവനന്തപുരം: മോട്ടോർവാഹന രേഖകളുടെ കാലാവധി നീട്ടിയില്ലെങ്കിൽ ഒന്നരലക്ഷത്തോളം ലേണേഴ്‌സ് ലൈസൻസുകൾ വ്യാഴാഴ്ചയോടെ റദ്ദാകും. അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട നേത്രപരിശോധനാ സർട്ടിഫിക്കറ്റിന് ആറുമാസമാണ് കാലാവധി. പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം വീണ്ടും ഫീസ് അടച്ച് പുതുക്കേണ്ടിവരും. കോവിഡ് വ്യാപനം കാരണം രണ്ടുവർഷമായി ലൈസൻസ് ടെസ്റ്റുകൾ കൃതമായി നടക്കുന്നില്ല.

30,000 സ്കൂൾ വാഹനങ്ങളുടെയും ഒരുലക്ഷത്തോളം പൊതുവാഹനങ്ങളുടെയും ഫിറ്റ്‌നസ്, പെർമിറ്റുകളുടെ കാലാവധിയും 30-ന് തീരും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടെ ഇതിന്റെ പിഴകൂടി അടയ്ക്കണമെന്നത് വാഹന ഉടമകൾക്ക് കനത്ത ആഘാതമാകും. കാലാവധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

നവംബർ മുതൽ നിരത്തിൽ ഇറങ്ങേണ്ട സ്കൂൾ വാഹനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ ഫിറ്റ്‌നസ് പിഴ അടയ്ക്കേണ്ടിവരും. പെർമിറ്റ് പുതുക്കിയില്ലെങ്കിൽ ബസുകൾക്ക് 7500 രൂപയും വാനുകൾക്ക് 4000 രൂപയും നൽകണം. ലോക്ഡൗൺ കാരണം ഓഫീസുകൾ അടഞ്ഞുകിടന്നതിനാൽ ഫിറ്റ്‌നസ് ടെസ്റ്റുകൾ മുടങ്ങിയിരുന്നു. ഒരുമാസം 70,000 വാഹനങ്ങളാണ് ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നത്. കോൺട്രാക്റ്റ്, സ്റ്റേജ് കാരേജ് വാഹനങ്ങളിൽ ഭൂരിഭാഗവും ജി.ഫോമിലായതിനാൽ പിഴയിൽനിന്ന്‌ രക്ഷപെടും. എന്നാൽ ഓട്ടോ, ടാക്സി വാഹനങ്ങൾ ടെസ്റ്റ് മുങ്ങിയതിന് പിഴ ഒടുക്കേണ്ടിവരും.

സംസ്ഥാനസർക്കാരിന് പിഴയും ഫീസും കുറയ്ക്കാം

രേഖകളുടെ കാലാവധി നീട്ടാനുള്ള അധികാരമില്ലെങ്കിലും പിഴയും ഫീസും കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. കേന്ദ്രനിയമ പ്രകാരം ഫീസും പിഴയും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് സംസ്ഥാന സർക്കാരിനാണ് ലഭിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതിൽ ഇളവ് നൽകാൻ സർക്കാരിന് കഴിയും. എന്നാൽ രേഖകൾ പുതുക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക്‌ പോകുമ്പോൾ അവിടങ്ങളിൽ പിഴ ലഭിക്കാനും നിയമനടപടി നേരിടാനും സാധ്യതയുണ്ട്.