തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപപ്രദേശങ്ങളായ കൊടിയത്തൂർ, താമരശ്ശേരി എന്നിവിടങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യവും ആന്റി ബോഡിയും കണ്ടെത്തി. ഐ.സി.എം.ആറിന്റെ നിർദേശാനുസരണം പുണെ എൻ.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധനാഫലത്തിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. താമരശ്ശേരിയിൽനിന്നും ശേഖരിച്ച ടീറോപസ് വിഭാഗത്തിൽപ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂർമേഖലയിൽ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തിൽപ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐ.ജി.ജി. ആന്റിബോഡിയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.

50-ഓളം പരിശോധനാഫലങ്ങൾ ഇനിയും വരാനുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടത്തണം. നിപയുടെ പ്രഭവകേന്ദ്രം ഈ വവ്വാലുകളാണെന്ന് കരുതേണ്ടിവരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

നിപ വൈറസിന്റെ ഇൻക്യുബേഷൻ കാലയളവായ 21 ദിവസം കഴിഞ്ഞു. ഒരു പുതിയ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇൻക്യുബേഷൻ കാലയളവിന്റെ ഇരട്ടിദിവസം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നാൽ രോഗം നിയന്ത്രണത്തിൽ വന്നതായി പ്രഖ്യാപിക്കും. ഈ ദിവസങ്ങളിൽ ജാഗ്രത തുടരുകയും ചെയ്യണം.