തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി. വ്യാഴാഴ്ച അവസാനിക്കാനിരുന്ന പദ്ധതി ഒക്ടോബർ 31 വരെ നീട്ടി. സഹകരണ ബാങ്കുകളിൽ വായ്പാ കുടിശ്ശികയുള്ളവർക്ക് പലിശയിലും പിഴപ്പലിശയിലും ഇളവുകൾ നൽകാനാണ് പദ്ധതി നടപ്പാക്കിയത്.

2021 മാർച്ച് 31 വരെ പൂർണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകളാണ് ഒറ്റത്തവണ തീർപ്പാക്കലിന് പരിഗണിക്കുന്നത്. ഗുരുതരരോഗങ്ങൾ ബാധിച്ചവരുടെയും ഇവരുടെ കുടുംബാംഗങ്ങളുടെ വായ്പകൾക്കും പരിഗണന ലഭിക്കും. വായ്പയെടുത്ത മാതാപിതാക്കൾ മരണപ്പെടുകയും മക്കൾ ബാധ്യസ്ഥരാകുകയും ചെയ്യുന്ന വായ്പകൾക്കും ഇളവുകൾ ലഭിക്കും.

സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കലിന്റെ അതേ വ്യവസ്ഥകൾ തന്നെയായിരിക്കും ദീർഘിപ്പിക്കുന്ന കാലയളവിലും ബാധകമാകുക. സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയൊഴികെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. പദ്ധതിയിൽ ഉൾപ്പെടാത്ത ബാങ്കുകൾക്ക് രജിസ്ട്രാറുടെ അനുമതിയോടെ പദ്ധതി നടപ്പാക്കാം.