കണ്ണൂർ: സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിലുള്ള ഐ.ടി. പാർക്കുകൾക്ക് ഒറ്റ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) മതിയെന്ന നയം സംസ്ഥാനത്തിന്റെ ഐ.ടി. വളർച്ചയെ ബാധിച്ചതായി ഒരുവിഭാഗം ഉദ്യോഗസ്ഥർ. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവയ്ക്ക് ജോൺ എം. തോമസ് എന്ന ഒറ്റ സി.ഇ.ഒ.യാണ് നിലവിൽ. ഇപ്പോൾ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ചുമതലകൂടി ഇദ്ദേഹത്തിന് നൽകിയിരിക്കുകയാണ്.

സി.ഇ.ഒ.യുടെ സേവനം യഥാസമയം കിട്ടാത്തതുകൊണ്ട് മൂന്നുപാർക്കുകളുടെയും ദൈനംദിന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകാൻ പ്രയാസപ്പെടുന്നതായി ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. ഐ.ടി.പാർക്കുകളിൽ പതിനായിരക്കണക്കിന് ചതുരശ്ര അടിയാണ് ഒഴിഞ്ഞുകിടക്കുന്നത്. കമ്പനികളെ കൊണ്ടുവരാൻ മുമ്പ് മൂന്നുപാർക്കുകളും തമ്മിൽ മത്സരമായിരുന്നു. ഇപ്പോൾ അതില്ല. ടെക്‌നോപാർക്കിൽ 450, ഇൻഫോപാർക്കിൽ 427, സൈബർ പാർക്കിൽ 46 കമ്പനികളാണ് പ്രവർത്തിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പല കമ്പനികളും വാടകവിസ്തൃതി കുറയ്ക്കുന്നുണ്ട്. ഹൈബ്രിഡ് രീതിയിലേക്ക് (വീട്ടിലും ഓഫീസിലുമായി ജോലിചെയ്യുന്ന രീതി) മാറുകയാണ് പല കമ്പനികളും. ഇപ്പോഴേ ഓരോന്നിലും സവിശേഷ ശ്രദ്ധനൽകി കൂടുതൽ കമ്പനികളെ കൊണ്ടുവന്നില്ലെങ്കിൽ ഭാവിയിൽ ഐ.ടി.പാർക്കുകൾ വൻ ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ കീഴിലാണ് ഐ.ടി. വകുപ്പ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഏക സി.ഇ.ഒ.നയം സ്വീകരിച്ചത്. എം. ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നപ്പോൾ രൂപപ്പെടുത്തിയ ഐ.ടി. നയമാണ് നിലവിൽ അധികവും. കേസിൽപ്പെട്ട് ശിവശങ്കർ മാറിയതോടെ അതിന് തുടർച്ചയുണ്ടായില്ല.

വളർച്ചയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല -സി.ഇ.ഒ.

ഏക സി.ഇ.ഒ. നയം ഐ.ടി.വളർച്ചയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പ്രതികരിച്ചു. സർക്കാരോ, പാർക്കുകളോ പ്രത്യേകം സി.ഇ.ഒ. വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നിലവിലെ സി.ഇ.ഒ.യും പ്രയാസം അറിയിച്ചിട്ടില്ല. കോവിഡനന്തരം രൂപംകൊണ്ട കമ്പനികളുടെ ഹൈബ്രിഡ് നയം ലോകമാകെ ഉള്ളതാണ്. അതിൽ സർക്കാരിന് മാത്രമായി ഒന്നും ചെയ്യാനാകില്ല -അദ്ദേഹം വ്യക്തമാക്കി.