തിരുവനന്തപുരം: പഠനം പൂർത്തിയാക്കുന്ന വെറ്ററിനറി ഡോക്ടർമാർക്കെല്ലാം ജോലി ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നു. കോഴ്‌സ് പൂർത്തിയാക്കിയവരെ തിരക്കുള്ള മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ സഹായിയായി നിയമിക്കാനാണ് ആലോചന.

കേരളത്തിലും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി പ്രതിവർഷം കോഴ്‌സ് പൂർത്തിയാക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ജോലിക്കായി നിരവധി ആളുകളാണ് കാത്തിരിക്കുന്നത്. അപ്രന്റീസായാണ് നിയമനം. നിശ്ചിത തുക സ്റ്റൈപ്പന്റായും നൽകും.

വളർത്തുമൃഗങ്ങളുടെ എണ്ണം വർധിച്ചതിനനുസരിച്ച് ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ചിട്ടില്ല. അതിനാൽ മൃഗാശുപത്രികളിലെ ഡോക്ടർമാർക്ക് ജോലിഭാരം കൂടുതലാണ്. സംസ്ഥാനത്തെ തിരക്കുള്ള 200 മൃഗാശുപത്രികളിലാണ് നിയമിക്കുക. 2020-ൽ പഠനം പൂർത്തിയാക്കിയവരെയാണ് പദ്ധതിയുടെ ഭാഗമാക്കുക.

സംസ്ഥാന വെറ്ററിനറി കൗൺസിലിലും ടെക്‌നിക്കൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലും പേര് രജിസ്റ്റർ ചെയ്തവരെയാണ് തിരഞ്ഞെടുക്കുക. ഓരോ ജില്ലയിലും ആവശ്യമുള്ള ഡോക്ടർമാരുടെ എണ്ണം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ടെക്‌നിക്കൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ അറിയിക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിവിഹിതത്തിൽനിന്നുതന്നെ പണം കണ്ടെത്തുന്നതിനാൽ സർക്കാരിനെ സംബന്ധിച്ച് അധികബാധ്യതയില്ല. ജോലിയിൽ പ്രവേശിക്കുന്നവർ അഞ്ചുമാസം നിർബന്ധമായി സേവനം ചെയ്യണം.