തിരുവനന്തപുരം: കണ്ണൂർ ഇരിട്ടി കല്യാട് വില്ലേജിൽ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഭൂമി കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു. 41.76 ഹെക്ടർ അന്യംനിൽപ്പുഭൂമിയും ലാൻഡ് ബോർഡ് പൊതു ആവശ്യത്തിനു നീക്കിവെച്ച 4.86 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെ 46.62 ഹെക്ടർ ഭൂമിയാണ് കൈമാറുക.

നിബന്ധനകൾക്കു വിധേയമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കൈമാറും. ഭൂമി അനുവദിക്കുന്ന തീയതിമുതൽ ഒരുവർഷത്തിനകം നിർദിഷ്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

49.26 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കാൻ 80 കോടി രൂപ കിഫ്ബി വഴി നൽകാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ അനുമതി നൽകിയിരുന്നു.

സ്റ്റാഫ് പാറ്റേൺ പുതുക്കും

വിനോദസഞ്ചാര വകുപ്പിനുകീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ സ്റ്റാഫ് പാറ്റേൺ നാഷണൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി മാർഗരേഖപ്രകാരം പുതുക്കും.

രഞ്ജിത് തമ്പാൻ അഭിഭാഷക പാനലിൽ

സുപ്രീംകോടതിയിൽ സംസ്ഥാനത്തിന്റെ കേസുകൾ നടത്താനുള്ള സീനിയർ അഭിഭാഷകരുടെ പട്ടികയിൽ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാനെ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.