കോട്ടയം: ശബരിമലയിൽ സൂക്ഷിച്ചിരുന്ന 17000 ലിറ്റർ നെയ്യ് നിലവാരമില്ലാത്തതായെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. ഇത് പ്രസാദത്തിനോ ഭക്ഷ്യാവശ്യത്തിനോ ഉപയോഗിക്കുന്നത് ദേവസ്വം ബോർഡ് വിലക്കി. ശബരിമല മെയിൻ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന നെയ്യാണ് കേടായത്. ഒന്നരവർഷത്തോളം ശബരിമലയിൽ തിരക്കില്ലാത്തതുമൂലമാണ് ഇത് ഉപയോഗിക്കാനാകാതെ ചീത്തയായതെന്നാണ് ശബരിമല എക്സിക്യുട്ടീവ് ഒാഫീസർ ബോർഡിന് നൽകിയ വിശദീകരണം.

ഇൗ നെയ്യ് വിളക്കുകത്തിക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് തീരുമാനം. നെയ്യ് ഏതുരീതിയിൽ പ്രയോജനപ്പെടുത്താമെന്ന് തീരുമാനിക്കാൻ ബോർഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ബോർഡ് ക്ഷേത്രങ്ങളിലെ പുറംവിളക്കുകൾ കത്തിക്കാൻ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ് നിർദേശം. ഒാരോ ക്ഷേത്രങ്ങളിലും ഇതിന് ആവശ്യമുള്ളതിന്റെ കണക്ക് നൽകാൻ ക്ഷേത്രം ഒാഫീസർമാരെ ചുമതലപ്പെടുത്തി.

വീഴ്ചയില്ല

ശബരിമലയിൽ നെയ്യ് ഭക്ഷ്യയോഗ്യമല്ലാതായതിൽ ആരുടെയും വീഴ്ചയില്ല. കോവിഡ് കാലത്ത് പരിമിതമായ തോതിലേ പ്രസാദം തയ്യാറാക്കിയിരുന്നുള്ളൂ. അതുകൊണ്ട് നെയ്യ് മിച്ചംവന്നു. അത് ഇരുന്ന് ഭക്ഷ്യയോഗ്യമല്ലാതാകുകയുംചെയ്തു.

-എൻ.വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.