കോട്ടയം: ഇനിമുതൽ പേറ്റന്റ് നടപടി പൂർണമായും ഓൺലൈനിൽ. അധ്യാപകരുടെയും വിദ്യാർഥികളുടെയും കണ്ടുപിടിത്തങ്ങളുടെ രജിസ്‌ട്രേഷന് ഗുണമാകുന്നതിനാണ് നടപടിക്രമം ലഘൂകരിച്ചത്.

പേറ്റന്റ് അപേക്ഷിക്കലും തെളിവ് സമർപ്പിക്കലും പരാതിപരിഹാരവും ഓൺലൈനാക്കി. ആത്മനിർഭർഭാരത് പദ്ധതിയിൽ രാജ്യവ്യാപകമായി നടത്തിയ പരിഷ്‌കരണം ഏറ്റവും ഗുണമാകുന്നത് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഗവേഷണഫലത്തിന്റെ രജിസ്‌ട്രേഷനും ഉത്പന്നത്തിന്റെ പകർപ്പവകാശം സ്ഥാപിക്കലും നിലവിലുള്ള ചട്ടപ്രകാരം സങ്കീർണമായിരുന്നു. ഉത്തരേന്ത്യൻ പേറ്റന്റ് ഓഫീസുകളിൽ നേരിട്ടെത്തി വേണമായിരുന്നു നടപടി പൂർത്തീകരിക്കാൻ. അതിനാൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെയും കണ്ടുപിടിത്തങ്ങളാണ് പേറ്റന്റിനായി ഏറ്റവുമധികമെത്തിയിരുന്നത്.

മുംബൈയിലെ പ്രധാന ഓഫീസിനെയാണ് ഏറ്റവുമധികം ആശ്രയിക്കേണ്ടിയിരുന്നത്. ഇതുമൂലം വാണിജ്യാടിസ്ഥാനത്തിലുള്ള കണ്ടുപിടിത്തങ്ങളൊഴികെയുള്ളവ രജിസ്റ്റർ ചെയ്യുന്നതിനും അവകാശം സംരക്ഷിക്കുന്നതിനും പ്രയാസമായിരുന്നു. 2003-ലെ പേറ്റന്റ് ചട്ടത്തിലാണ് ഇപ്പോൾ ഭേദഗതിവരുത്തിയത്.

ഭേദഗതികൾ ഇവ

* പേറ്റന്റ് അപേക്ഷകൾ പൂർണമായും ഓൺലൈനിൽ.

* വീഡിയോ കോൺഫറൻസ് വഴി, പേറ്റന്റ് കേസുകളുടെ വിചാരണ.

* വെബ്‌സൈറ്റിൽ അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കാൻ ക്രമീകരണം. അവയ്ക്ക് ഉടൻ പരിഹാരം. മറുപടി ഇ-മെയിൽ വഴി ലഭിക്കും.

* സ്‌കൂളുകൾ, സർവകലാശാലകൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി പേറ്റന്റ് ബോധവത്കരണം.

* പേറ്റന്റ് നടപടികളുടെ കാലതാമസം 72 മാസമെന്നത് 12 മുതൽ 30 മാസം വരെ ആയി കുറയും.

* പേറ്റന്റ് അപേക്ഷകളുടെ അന്തിമതീർപ്പിനുള്ള സമയം 48 മാസമെന്നത് 24 മുതൽ 30 മാസം വരെയായി കുറയും.

* വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങളുടെ പേറ്റന്റിന് ഫീസിളവ്.