കൊല്ലം : ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് സബ്‌സിഡി നൽകാൻ മതിയായ ഫണ്ടില്ലെന്ന് ക്ഷീരവികസന വകുപ്പ്. കർഷർക്ക് സബ്‌സിഡി കിട്ടുന്നില്ലെന്ന് പല തദ്ദേശസ്ഥാപനങ്ങളും പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തദ്ദേശസ്വയംഭരണവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ മറുപടി.

ക്ഷീരകർഷകർക്ക് പാലിന് ലിറ്ററിന് നാലുരൂപ പ്രകാരം സബ്‌സിഡി നൽകാനാണ് സർക്കാർ നിർദേശം. ഇതിൽ മൂന്നുരൂപ തദ്ദേശഭരണസ്ഥാപനങ്ങളും ഒരുരൂപ ക്ഷീരവികസനവകുപ്പുമാണ് നൽകേണ്ടത്. പ്ലാൻ ഫണ്ടിന്റെ അപര്യാപ്തത കാരണം മുഴുവൻ കർഷകർക്കും എല്ലാമാസവും ഒരുരൂപ നിരക്കിൽ സബ്‌സിഡി നൽകാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ക്ഷീരവികസനവകുപ്പ് ഡയറക്ടർ അറിയിച്ചത്. സബ്‌സിഡിക്കായി ഒരുവർഷം 13 കോടി രൂപയാണ് വകയിരുത്തുന്നത്. പ്രതിദിനം 21.42 ലക്ഷം ലിറ്റർ പാലാണ് കർഷകർ ക്ഷീരസംഘത്തിൽ നൽകുന്നത്. എല്ലാവർക്കും സബ്‌സിഡി നൽകാൻ 72 കോടിയോളം രൂപ ആവശ്യമായിവരും. ഈ കുറവ് തദ്ദേശഭരണസ്ഥാപനങ്ങൾ നികത്തണമെന്ന നിർദേശവും ക്ഷീരവികസന വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇപ്പോൾ ഒരുകർഷകന് പ്രതിവർഷം പരമാവധി നൽകാവുന്ന പാൽ സബ്‌സിഡി 40,000 രൂപയാണ്. ഈ പരിധിയും ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഇപ്പോൾ നൽകുന്ന നിരക്ക് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ പതിന്നാലാം പദ്ധതി മാർഗരേഖയിൽ പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്. തത്‌കാലം തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വർധിപ്പിക്കില്ല. സ്വന്തം ഫണ്ടിൽനിന്ന് കൂടുതൽ പണം നൽകാമെന്ന്‌ ചില തദ്ദേശസ്ഥാപനങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അതും തദ്ദേശവകുപ്പ് തള്ളി.