കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പുതുതായി ഏർപ്പെടുത്തിയ എം.എ. പൊളിറ്റിക്‌സ് ആൻഡ്‌ ഗവേണൻസ് കോഴ്‌സിന്റെ പാഠ്യപദ്ധതിയിലെ വിവാദ പേപ്പറിൽ സമഗ്രമായ മാറ്റത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. മൂന്നാം സെമസ്റ്ററായ തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ടിലെ രണ്ടാം പേപ്പറായ ‘രാഷ്ട്ര ഓർ നാഷൻ ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്’ എന്ന പേപ്പർ വിമർശാത്മകമാക്കും. തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമുള്ള കോഴ്സാണിത്. കഴിഞ്ഞവർ‌ഷമാണ് ഈ പുതുതലമുറ കോഴ്സ് തുടങ്ങിയത്.

ഈ പേപ്പറിലെ രണ്ടാം യൂണിറ്റിൽ അഞ്ച് ഭാഗങ്ങളിലായി ഹിന്ദുത്വ ആശയസംഹിതയാണുണ്ടായിരുന്നത്. അതിൽ വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ എന്നിവരുടെ ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ നിലനിർത്തും. ദീൻദയാൽ ഉപാധ്യായ, ബൽരാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗങ്ങൾ ഒഴിവാക്കും. പകരം ഗാന്ധിജി, നെഹ്‌റു, അംബേദ്കർ എന്നിവരുടെ ചിന്തകൾക്ക് പ്രാമുഖ്യം നൽകും. മുസ്‌ലിങ്ങളും ദേശീയതയും, ദ്രവീഡിയൻ വീക്ഷണം, സോഷ്യലിസ്റ്റ് വീക്ഷണവും ദേശീയതയും എന്നീ ഭാഗങ്ങൾകൂടി ഈ യൂണിറ്റിൽ പഠിപ്പിക്കും. മൗലാന അബുൾ കലാം ആസാദ്, മുഹമ്മദാലി ജിന്ന, ഇ.വി. രാമസ്വാമി നായ്ക്കർ, റാം മനോഹർ ലോഹ്യ, ഇ.എം.എസ്. എന്നിവരുടെ പ്രബന്ധങ്ങളാണ് പുതുതായി ചേർക്കുക.

ഹിന്ദുത്വ ആശയസംഹിതയ്ക്ക് പ്രാധാന്യം നൽകുകയും മറ്റ് ചിന്താഗതികളെ അവഗണിക്കുകയും ചെയ്തുവെന്നപേരിലാണ് സിലബസ് വിവാദമായത്. ഇതേ തുടർന്ന് പ്രൊ വൈസ് ചാൻസലർ ഡോ. എ. സാബു ചെയർമാനായി ഡോ. ജെ. പ്രഭാഷ്, പ്രൊഫ. കെ.എസ്. പവിത്രൻ എന്നിവരടങ്ങിയ വിദഗ്ധസമിതിയെ നിയോഗിക്കുകയായിരുന്നു. കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാലയുടെ പോളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസാണ് പാഠ്യപദ്ധതി പുതുക്കിയത്.

ശുപാർശ അംഗീകരിച്ച ബോർഡ് ഓഫ് സ്റ്റഡീസ് മൂന്നാം സെമസ്റ്ററിലെ മറ്റ് പേപ്പറുകളിലും മാറ്റംവരുത്തിയിട്ടുണ്ട്. ജാതിയെക്കുറിച്ചുള്ള വിമർശാത്മകപഠനഭാഗത്ത് ഗാന്ധിജി, ശ്രീനാരായണഗുരു, അംബേദ്കർ, റാം മനോഹർ ലോഹ്യ എന്നിവരുടെ ചിന്തയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കൗടില്യന്റെ അർഥശാസ്ത്രം ഉൾപ്പെടുത്തിയിട്ടില്ല.