പയ്യന്നൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഖാദിവ്യവസായ, തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിലും പൊതുസമൂഹത്തിന്റെ മുന്നിലും കൊണ്ടുവരുന്നതിന് ഖാദി സംരക്ഷണ പ്രക്ഷോഭ വാരാചരണം നടത്താൻ ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബർ 13 മുതൽ 20 വരെയാണ് വാരാചരണം.

ഒക്ടോബർ 20-ന് ഖാദിസ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുന്നിൽ തൊഴിലാളികൾ സത്യാഗ്രഹ സമരം നടത്തും. വ്യവസായ നവീകരണം, വിപണി വിപുലീകരണം, തൊഴിൽ സംരക്ഷണം, കൂലി സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സോണി കോമത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. കൃഷ്ണൻ സംസാരിച്ചു.