പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ കോവിഡ് രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂർ വെള്ളൂർ പാലത്തരയിലെ മാടമ്പില്ലത്ത് അബ്ദുൾ അസീസ് (75) ആണ് മെഡിക്കൽ കോളേജ് ആസ്‌പത്രിക്കെട്ടിടത്തിന്റെ ഏഴാംനിലയിൽനിന്ന് ചാടിമരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആസ്പത്രിയിലെ 703-ാം വാർഡിൽ ചികിത്സയിലായിരുന്നു ഇയാൾ. രാവിലെ കൂടെയുണ്ടായിരുന്ന ബന്ധു കുളിമുറിയിൽ പോയപ്പോഴായിരുന്നു ഇയാൾ താഴേക്ക് ചാടിയത്. കരൾരോഗം ബാധിച്ച് തലശ്ശേരിയിൽ നടത്തിയ പരിശോധനയിൽ കാൻസർ സൂചന ലഭിച്ചിരുന്നു. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഈ മാസം 25-നാണ് അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ: മൂപ്പന്റകത്ത് ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുൾ റഹ്‌മാൻ. സഹോദരി: ശരീഫ (കവ്വായി). പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.