കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഇടുക്കി റിട്ട. എസ്.പി. കെ.ബി. വേണുഗോപാലിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. വേണുഗോപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം കഴിഞ്ഞ 24-നും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് വേണുഗോപാലിന്റെ ഭാര്യയുടെ ബാങ്ക് ലോക്കർ പരിശോധിച്ചിരുന്നു. ഇതിലെ സ്വർണം മാറ്റി മുക്കുപണ്ടം വെച്ചതായാണ് വിജിലൻസിന്റെ വിലയിരുത്തൽ. ഈ കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം പിടിച്ചെടുത്ത രേഖകൾ സംബന്ധിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു.

വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ 57 രേഖകൾ കണ്ടെടുത്തിരുന്നു. ഇവയെല്ലാം വസ്തു സംബന്ധമായ രേഖകളും ബാങ്ക് അക്കൗണ്ട് രേഖകളുമാണ്. ഇതിന്റെയെല്ലാം ഉറവിടം വേണുഗോപാൽ വെളിപ്പെടുത്തേണ്ടി വരും. മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വേണുഗോപാലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്. 2006 മുതൽ 2016 വരെയുള്ള കാലത്ത് വരുമാനത്തിൽ കവിഞ്ഞ് കെ.ബി. വേണുഗോപാൽ സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്.