കൊച്ചി: ടേക്-എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയ നിർമാണം വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കുമേൽ കടുത്ത സമ്മർദം. പദ്ധതിക്കായി സ്ഥലം കിട്ടുന്നില്ലെന്നതായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പരാതി. ദേശീയ പാതയോരത്തെ തദ്ദേശ സ്ഥാപനങ്ങളാണ് കൂടുതൽ പ്രയാസം പറഞ്ഞത്. ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാ രേഖ സംഘടിപ്പിച്ചാൽ മാത്രമെ പാതയോരങ്ങളിൽ ശൗചാലയങ്ങൾ സ്ഥാപിക്കാനാകൂ. അതേസമയം റവന്യു, പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥലങ്ങളും പുറമ്പോക്കുകളും പദ്ധതിക്കായി ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടർമാർതന്നെ മുൻകൈയെടുക്കുന്നുണ്ട്. പദ്ധതിയുടെ മേൽനോട്ടമുള്ള ശുചിത്വ മിഷനും സ്ഥലം കണ്ടെത്താനും ഏറ്റെടുക്കാനും തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നുണ്ട്.

സംസ്ഥാനത്ത് 1842 ഉന്നത നിലവാരമുള്ള ശൗചാലയങ്ങൾ ഈ സാമ്പത്തിക വർഷം ഉണ്ടാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 312 എണ്ണം പൂർത്തിയായി. 519 എണ്ണം നിർവഹണ ഘട്ടത്തിലാണ്. 457 ശൗചാലയങ്ങളുടെ പ്രവൃത്തിയാണ് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടി വന്നത്. പഞ്ചായത്തുകളിൽ രണ്ടുവീതവും മുനിസിപ്പാലിറ്റികളിൽ അഞ്ചും കോർപ്പറേഷനിൽ എട്ടും ശൗചാലയങ്ങൾ പുതിയ പദ്ധതിപ്രകാരം നിർമിക്കണം. സ്ഥലം കിട്ടാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് നിലവിലുള്ള ശൗചാലയങ്ങൾ നവീകരിക്കാൻ പദ്ധതി ഉപയോഗിക്കാമെന്ന സൗകര്യം സർക്കാർ നൽകിയതോടെ നഗരസഭകളും കോർപ്പറേഷനുകളും ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

അതേസമയം പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരുടെമേൽ കടുത്ത സമ്മർദമാണ് ആസൂത്രണ സമിതിയുടെ ഭാഗത്തുനിന്നുള്ളത്. ഇനിയും പദ്ധതി ഏറ്റെടുക്കാത്ത പഞ്ചായത്തുകളുണ്ടെങ്കിൽ അവരുടെ മറ്റു പദ്ധതികളൊന്നും ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കില്ലെന്നും സെക്രട്ടറിമാർ വ്യക്തിപരമായിത്തന്നെ ഇക്കാര്യത്തിൽ ഉത്തരവാദികളായിരിക്കുമെന്നുമെല്ലാം ജില്ല കളക്ടർമാർ പറയുന്നുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ജില്ലാ ആസൂത്രണ സമിതിയിൽ വെക്കാനാണ് നിർദേശം.