ആലപ്പുഴ: തുലാവർഷമഴയുടെ ലഭ്യതയിൽ കോട്ടയം ജില്ലയും സർവകാല റെക്കോഡ് മറികടന്നു. ഒക്ടോബർ ഒന്നുമുതൽ നവംബർ 29- വരെ ജില്ലയിൽ 1124.2 മില്ലിമീറ്റർ മഴയാണു പെയ്തത്. ഈ കാലയളവിൽ കോട്ടയത്തു ലഭിക്കേണ്ടത് 492.8 മില്ലിമീറ്റർ മഴയാണ്. പെയ്തത് 128 ശതമാനം അധികമഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 1901 മുതലുള്ള 121 വർഷത്തെ കണക്കിൽ കോട്ടയത്ത് ഏറ്റവുംകൂടുതൽ തുലാമഴ ലഭിച്ച റെക്കോർഡ് ഇനി 2021-ന് സ്വന്തം. 2010-ൽ രേഖപ്പെടുത്തിയ 1104.8 മില്ലിമീറ്റർ മഴയെയാണ് 2021 മറികടന്നതെന്നു കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.

സംസ്ഥാന ശരാശരി മഴയും കാസർകോട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട്‌ ജില്ലകളും തുലാവർഷമഴയയിൽ നേരത്തേതന്നെ സർവകാല റെക്കോഡ് മറികടന്നിരുന്നു.

കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ഇതുവരെ ലഭിച്ചത് 121 വർഷത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ മഴയാണ്.

മഴപ്പെയ്ത്ത് മില്ലീ മീറ്ററിൽ(ഒക്ടോബർ ഒന്നുമുതൽ നവംബർ 29- വരെ)

ജില്ല പെയ്തത് പെയ്യേണ്ടത് കൂടുതൽ(ശതമാനത്തിൽ)

ആലപ്പുഴ 909.1 533.6 70

കണ്ണൂർ 843.9 350.3 141

എറണാകുളം 969.8 477.5 103

ഇടുക്കി 1175.9 524.9 124

കാസർകോട് 801.3 325.1 146

കൊല്ലം 1226.7 579.6 112

കോട്ടയം 1124.2 492.8 128

കോഴിക്കോട് 993.2 420.9 136

മലപ്പുറം 799.6 457.9 75

പാലക്കാട് 780.1 378.5 106

പത്തനംതിട്ട 1609.1 550.8 192

തിരുവനന്തപുരം 963.9 485.9 98

തൃശ്ശൂർ 922.3 481.9 91

വയനാട് 554.6 310.3 79

ഞായറാഴ്ച ഏറ്റവുംകൂടുതൽ മഴ ആലപ്പുഴയിൽ

: തിങ്കളാഴ്ച രാവിലെ 8.30- വരെയുള്ള 24 മണിക്കൂറിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ മഴപെയ്തത് ആലപ്പുഴയിൽ-146.2 മില്ലീ മീറ്റർ. പൊൻമുടി-136.4 , നെയ്യാർ ഡാം-133.6, നെടുമങ്ങാട്-132.2, വളയിൻകീഴ്-121.4, ആര്യനാട്-105, ബ്രൈമൂർ-102 എന്നിങ്ങനെയാണു 100 മില്ലീ മീറ്ററിനുമേൽ മഴ ലഭിച്ച മറ്റുസ്ഥലങ്ങൾ.