ആലപ്പുഴ: കള്ളപ്പണം വെളുപ്പിക്കാൻ കെ.എസ്.എഫ്.ഇ. ചിട്ടിയെ ഉപയോഗിച്ചിട്ടുണ്ടെന്ന വിജിലൻസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വിഷയം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കണമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള ഉറ്റസൗഹൃദം കെ.എസ്.എഫ്.ഇ.യെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെക്കുക, പ്രതിപക്ഷനേതാവിനും എം.എൽ.എ.മാർക്കുമെതിരേയുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ്. ഡിസംബർ രണ്ടിന് പഞ്ചായത്തുതലത്തിൽ കുറ്റവിചാരണസദസ്സുകൾ നടത്തും. അഞ്ചിന് 12-ന് വെർച്വൽ റാലി നടത്തുമെന്നും ഹസൻ പറഞ്ഞു.