കൊല്ലം : ‘കേരളത്തിന്റെ കല്പവൃക്ഷം തെങ്ങല്ല, പ്ലാവാണ്. റബ്ബർ മണ്ണിന്റെ ഉർവരത നശിപ്പിക്കും. അതുവെട്ടി പ്ലാവുനടണം. ലോകത്തിലെതന്നെ ഏറ്റവുംനല്ല പഴം ചക്കയാണ്’-വാദിക്കുന്നത് മുതിർന്ന അഭിഭാഷകനാണ്. പ്രകൃതിയുടെ കോടതിയിൽ തെളിവുസഹിതമാണ് വാദങ്ങൾ. കൊല്ലം ബാറിലെ സീനിയർ അഭിഭാഷകനായ വെളിയം രാജീവാണ് തന്റെ നാലരയേക്കർ പുരയിടത്തിൽ റബ്ബർ വെട്ടി പ്ലാവുനട്ട് നമ്മളോടും അതിന്റെ മഹത്വംപറയുന്നത്. തെളിവെടുപ്പ് നേരിട്ടാകണമെങ്കിൽ വെളിയത്തുള്ള ‘തപോവൻ ജാക്‌സ്’ എന്ന ഓർഗാനിക്‌ ഫാം സന്ദർശിക്കാം.

തട്ടുതട്ടായി ഒരുക്കിയ ഭൂമിയിൽ പന്ത്രണ്ടടി അകലത്തിൽ നട്ട് നാലുവർഷമായ വരിക്കപ്ലാവുകൾ പച്ചപ്പിന്റെ തലയെടുപ്പോടെ നിരനിരയായി നിൽക്കുന്നു. 28 ചക്കവരെ ഉണ്ടായ പ്ളാവുകളുണ്ടിവിടെ. ഇടയിൽ അങ്ങിങ്ങായി ജാക്ക്ഡാങ്ങ്, സൂര്യ, വിയറ്റ്‌നാം സൂപ്പർ ഏർലി തുടങ്ങിയ ഇനങ്ങളും. മൊത്തം 400 പ്ലാവുകൾ. കേരളം ചക്കയെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കും മുൻപുതന്നെ അതിന്റെ മഹത്വം തിരിച്ചറിഞ്ഞിരുന്നു രാജീവ്.

ഇടവിളയായി മഞ്ഞളുണ്ട്. കുർക്കുമിൻ എടുത്ത ചണ്ടിയാണ് വിപണിയിൽ മഞ്ഞളായി കിട്ടുന്നതെന്നു കണ്ടാണ് അതിലേക്കു തിരിഞ്ഞത്. വാഴയും പ്രത്യേകതരം തണ്ണിമത്തനും കുമ്പളവും കുരുമുളകുമെല്ലാം വേറെയും. നല്ല തേൻ നുകരാൻ തേനീച്ചക്കൂടുകളും. ജൈവവളമാണ് ഉപയോഗിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് ജലസേചനം. ചാണകംവാങ്ങാൻ കാശ്‌ ഒത്തിരിയാകുന്നതു കണ്ടപ്പോൾ മൂന്നാല് പോത്തിനെയും വാങ്ങി. കുന്നിന്റെ ഏറ്റവും ഉയർന്നഭാഗത്ത് പടുതാക്കുളവും സിമന്റിൽ തീർത്ത കുളവുമുണ്ട്. ഇതിൽ നീന്തിത്തുടിക്കുന്ന മീനുകളും. റബ്ബറിന് കീടനാശിനിയും രാസവളവും ഇട്ട് ഒരു മണ്ണിരപോലും ഇവിടെയുണ്ടായിരുന്നില്ല. ഇപ്പോൾ മഴപെയ്താൻ മണ്ണിരകളുടെ ‘കുരിച്ചിലുകൾ’ കൊണ്ട് മണ്ണുനിറയും.

ജൈവകൃഷിയെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും അറിയാനുള്ള ഒരിടമായതുകൊണ്ടാണ് തപോവൻ ജാക്സ് എന്നു പേരിട്ടത്. ഇടതൂർന്നുനിൽക്കുന്ന പ്ലാവിന്റെ പശ്ചാത്തലത്തിൽ ധ്യാനനിമഗ്നനായ ശ്രീബുദ്ധനാണ് അടയാളചിത്രം. നഗരഹൃദയത്തിൽ താമസിക്കുമ്പോഴും തിരക്കിട്ട അഭിഭാഷകവൃത്തിക്കിടയിലും കർഷകൻകൂടിയാവുക എന്നസ്വപ്നം സാക്ഷാത്കരിച്ച സന്തോഷമാണ് ഈ കേസിലെ വക്കീൽ ഫീസ്.