തൃശ്ശൂർ: “മെഡിക്കൽ വിദ്യാർഥികളാണ് ഞങ്ങൾ. ഒന്നരവർഷമായി ഓൺലൈനിൽ മാത്രമാണ് പഠനം. മഹാമാരിക്കാലത്തെ പരിമിതികൾ അറിയാം. പക്ഷേ, ഞങ്ങൾ വലിയ ആശങ്കയിലാണ്. പലരും വിദ്യാഭ്യാസ വായ്പയെടുത്താണ് പഠിക്കുന്നത്. കോഴ്സ് നീണ്ടാൽ എന്താകും ഞങ്ങളുടെ ഭാവി? എത്രയുംപെട്ടെന്ന് സർവകലാശാലയിൽ തിരിച്ചെത്താൻ സൗകര്യമൊരുക്കണം. ഇതൊരപേക്ഷയാണ്” -ചൈനയിലെ നാൻജിങ്ങിലുള്ള സൗത്ത് ഈസ്റ്റ് മെഡിക്കൽ സർവകലാശാലയിലെ മൂന്നാംവർഷ വിദ്യാർഥിനിയായ തൃശ്ശൂർ സ്വദേശിനി പറയുന്നു.

“കേരളത്തിൽ വെറ്ററിനറിക്ക് പ്രവേശനം ലഭിച്ചതാണെനിക്ക്. മെഡിക്കൽ പഠനമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. നീറ്റ് പട്ടികയിലുൾപ്പെട്ടതിനാൽ ചൈനയിലെ ലോകറാങ്കിങ്ങിൽ മുന്നിലുള്ള സർവകലാശാലയിൽത്തന്നെ പ്രവേശനം ലഭിച്ചു. രണ്ടാംവർഷം ഓൺലൈൻ വഴി പൂർത്തിയാക്കി. ഇനി പ്രാക്ടിക്കലുകളുണ്ട്. തിരിച്ചെത്തിയാൽ ഉടൻ പ്രാക്ടിക്കലിനു സൗകര്യമൊരുക്കാമെന്ന് സർവകലാശാലാ അധികൃതർ പറയുന്നുണ്ട്. പക്ഷേ, തിരിച്ച് ചൈനയിലെത്തണ്ടേ?’’ -ഈ വിദ്യാർഥി ചോദിക്കുന്നു.

ചൈനയിലെ വിവിധ മെഡിക്കൽ സർവകലാശാലകളിൽ 25,000-ത്തിനടുത്ത് ഇന്ത്യൻ വിദ്യാർഥികളുണ്ട്. ഇവരിൽ കേരളത്തിൽനിന്നുള്ളവർ പതിനായിരത്തിനടുത്തു വരും. 2020 ജനുവരിയിലാണ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഇവർ നാട്ടിലെത്തിയത്. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസിൽ നേരിട്ട് ഹാജരാകാൻ ഒരുവർഷത്തിനപ്പുറം ഇളവുനൽകാൻ സാധിക്കില്ലെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ നിലപാട്.

വിദേശത്തേക്കു മടങ്ങാനുള്ള പ്രവാസികളോടൊപ്പം വിദേശ വിദ്യാർഥികളോടും നോർക്കയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. തുടർന്ന്, ഇവർ രജിസ്ട്രേഷൻ നടത്തിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.