കൊച്ചി: തൃശ്ശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ കേസെടുക്കില്ല. പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ആലോചിച്ചുമതി കേസെടുക്കലെന്നാണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണപുരോഗതി നിരീക്ഷിക്കുകയാണ് നിലവിൽ ഇ.ഡി. സംഘം.

കള്ളപ്പണ ഇടപാടുകൾ സംശയിക്കുന്ന സംഭവം സംബന്ധിച്ച് വിവരംലഭിച്ചാൽ അന്വേഷണം തുടങ്ങുന്നതിന് മുമ്പായി ‘എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്’ (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്യലുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ഇതുവരെ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല.

പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിൽ ഐ.പി.സി. 406, 409, 420, 465 വകുപ്പുകളും 34-ഉം ആണ് ചേർത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ചതി കള്ളരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസും. ഇത്തരം കേസുകളിൽ പൊതുവിൽ ഒത്തുതീർപ്പുകളുണ്ടാകാനാണ് സാധ്യതയെന്നാണ് ഇ.ഡി. വിലയിരുത്തുന്നത്. പക്ഷേ, ഒരുപാട് വ്യക്തികളുടെ പേരിൽ വായ്‌പത്തട്ടിപ്പ് നടന്നതിനാലും സഹകരണ ബാങ്ക് പൊതുസ്ഥാപനമായതിനാലും ഇ.ഡി.ക്ക് കേസെടുക്കാനുള്ള സാധ്യതകളുണ്ട്.