കൊല്ലം : വെള്ളം കയറിയതിനെത്തുടർന്ന്‌ ചരക്കുകപ്പൽ കൊല്ലം തീരത്തടുപ്പിച്ചു. ഇറാനിൽനിന്ന്‌ സിങ്കപ്പൂർ വഴി ചൈനയിലേക്ക്‌ സ്റ്റീലുമായി പോയ ‘ഹോങ്‌ ഡി’ എന്ന വലിയ ചരക്കുകപ്പലാണ്‌ തീരത്തുനിന്ന് മൂന്നു നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച രാത്രി എട്ടരയോടെ അടുപ്പിച്ചത്‌.

കൊച്ചിയിൽനിന്ന്‌ സാങ്കേതികവിദഗ്‌ധരെ എത്തിച്ച്‌ കപ്പലിന്റെ തകരാർ പരിഹരിക്കാനാണ്‌ ശ്രമം. ഇതിനു പത്തുദിവസത്തോളം വേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. 19 ചൈനക്കാരും ആറ്‌ വിയറ്റ്‌നാം സ്വദേശികളുമാണ്‌ കപ്പലിലുള്ളത്‌.

അറ്റകുറ്റപ്പണി കഴിയുംവരെ പുറംകടലിൽ നിർത്തിയിടുന്നതിനുള്ള ഫീസിനത്തിൽ പ്രതിദിനം 26,000 രൂപ കൊല്ലം തുറമുഖത്തിനു ലഭിക്കും.