തിരുവനന്തപുരം: ബി.ടെക്. പോലുള്ള കോഴ്‌സുകൾ മലയാളത്തിലാക്കുന്നതിനുള്ള പരിമിതി മറികടക്കാനും മലയാളത്തെ വിജ്ഞാനഭാഷയായി ഉയർത്താനും നിർദേശിക്കുന്ന ദർശനരേഖ മലയാളം സർവകലാശാല മുഖ്യമന്ത്രിക്ക് കൈമാറി.

കൃതികളുടെയും പദസൂചികകളുടെയും അഭാവമാണ് മലയാളത്തിലുള്ള ബി.ടെക്. പഠനത്തിന് തടസ്സമായത്. ഇതരസംസ്ഥാനങ്ങളിൽ അവിടത്തെ ഭാഷയിൽ ബി.ടെക്. പഠിപ്പിക്കാൻ തീരുമാനമെടുത്തപ്പോൾ ഭാഷാപരിമിതി ചൂണ്ടിക്കാട്ടി മലയാളത്തിന് അത് സാധിച്ചിരുന്നില്ല. 35 ലക്ഷം രൂപയാണ് ഈപദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

എല്ലാവിജ്ഞാനവും മലയാളത്തിലൂടെ കൈകാര്യംചെയ്യാൻ പ്രാപ്തമാക്കുന്ന ഒട്ടേറെ പദ്ധതികളടങ്ങുന്ന രേഖ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളും സിൻഡിക്കേറ്റ് അംഗങ്ങളും മുഖ്യമന്ത്രിക്ക്‌ സമർപ്പിച്ചു.

നിർദേശങ്ങൾ

*സർവകലാശാലാ അധ്യാപനത്തിനും ഔദ്യോഗികാവശ്യങ്ങൾക്കുമായി ഭാഷയെ ചിട്ടപ്പെടുത്തുന്ന ശൈലീപുസ്തകം തയ്യാറാക്കൽ

*വിവിധ പഠനമേഖലയിൽ അടിസ്ഥാന സങ്കല്പനങ്ങൾ വിശദമാക്കുന്ന വിജ്ഞാനകോശങ്ങളുടെ നിർമിതി

* പൊതുജനങ്ങൾക്ക് ഹ്രസ്വകാല ഓൺലൈൻ കോഴ്‌സുകൾ

* ഡിജിറ്റൽ മാനവിക വിഷയപഠനകേന്ദ്രത്തിന്റെ ആരംഭം

പുരാരേഖാ വിജ്ഞാനീയം പ്രത്യേക കോഴ്‌സായി പഠിപ്പിക്കാനുള്ള സംവിധാനം, തഞ്ചാവൂർ തമിഴ് സർവകലാശാലയിൽ മലയാളം ചെയർ ആരംഭിക്കൽ, മലയാളം സർവകലാശാലയുടെ പദ്ധതിയിതര ഫണ്ട് വർധിപ്പിക്കൽ, നിലവിലെ പഠനകേന്ദ്രങ്ങളിൽ അധ്യാപകനിയമനം തുടങ്ങിയ ആവശ്യങ്ങളും ദർശനരേഖയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് സിൻഡിക്കേറ്റംഗം കെ.പി. രാമനുണ്ണി അറിയിച്ചു.